KOYILANDY DIARY.COM

The Perfect News Portal

സഞ്ജു വി സാംസണ്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു

ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. ജൂലായ് 22ന് തുടങ്ങുന്ന ടി.എന്‍.പി.എല്ലിന്റെ രണ്ടാം സീസണുള്ള ലേലത്തിന് സഞ്ജു പേര് രജിസ്റ്റര്‍ ചെയ്തു. സഞ്ജുവിനെക്കൂടാതെ സുരേഷ് റെയ്‌ന, യൂസുഫ് പഠാന്‍, മനോജ് തിവാരി, മലയാളി താരങ്ങളായ വിഷ്ണു വിനോദ്, ബേസില്‍ തമ്പി തുടങ്ങി നിരവധി പേര്‍ ടി.എന്‍.പി.എല്ലിന്റെ ഭാഗമാകും. ഈ മാസം 23നാണ് കളിക്കാരുടെ ലേലം നടക്കുക.

ആകെ 80 പേര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും എട്ടു ഫ്രാഞ്ചൈസികളിലായി 24 ഇതരസംസ്ഥാന താരങ്ങള്‍ക്കാണ് കളിക്കാന്‍ അവസരം ലഭിക്കുക. ഒരു ടീമില്‍ പുറത്തു നിന്നുള്ള മൂന്നു താരങ്ങള്‍ക്ക് കളിക്കാം. സീനിയര്‍ താരങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപയും ലിസ്റ്റ് എ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്ക് രണ്ടരലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുക.

പിയുഷ് ചൗള, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ്മ, അശോക് ഡിന്‍ഡ, ഉന്മുക്ത് ചന്ദ്, മന്നന്‍ വോറ, ഹനുമാ വിഹാരി എന്നിവരെല്ലാം ടി.എന്‍.പി.എല്ലില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായിരിക്കുമ്പോള്‍ മികച്ച ഭാവി വാഗ്ദാനമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ശ്രദ്ധേയമായ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

Advertisements

സീസണിലെ ആദ്യ സെഞ്ചുറിയും നേടി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമായിരുന്ന സുരേഷ് റെയ്നയ്ക്ക് തമിഴ്നാട്ടില്‍ ധാരാളം ആരാധകരുണ്ട്. 259 ടിട്വന്റി മത്സരങ്ങൾ കളിച്ചിട്ടുള്ള റെയ്ന 33.52 ശരാശരിയില്‍ 6872 റണ്‍സ്‌ നേടിയിട്ടുണ്ട്. മികച്ച ഫീല്‍ഡിംഗും അഞ്ചാം ബൗളറായി ഉപയോഗിക്കാവുന്ന സ്പിന്നര്‍ കൂടിയാണ് ഈ ഉത്തര്‍പ്രദേശുകാരന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *