KOYILANDY DIARY

The Perfect News Portal

വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ നിയമനം ഇനി വനിതാ ബറ്റാലിയന്‍ മുഖേന

തിരുവനന്തപുരം > സംസ്ഥാനത്ത് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ നിയമനം ഇനി വനിതാ ബറ്റാലിയന്‍ മുഖേന മാത്രം. വിവിധ ബറ്റാലിയന്‍ വഴിയുള്ള നിയമനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വനിതാ ബറ്റാലിയനില്‍ നിയമിക്കുന്നവര്‍ക്ക് സീനിയോറിറ്റി പ്രകാരം വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് മാറ്റി നിയമിക്കാനും തീരുമാനമായി. പുതിയ വനിതാ ബറ്റാലിയന്‍ നിലവില്‍വന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം.

360 വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെയും 40  വനിതാ ഹവില്‍ദാര്‍മാരുടെയും തസ്തികയാണ് വനിതാ ബറ്റാലിയനായി സൃഷ്ടിച്ചത്. ഇതില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരെ നിലവിലെ വിവിധ ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമിച്ചു. ഇവര്‍ക്കുള്ള പരിശീലനം താമസിയാതെ ആരംഭിക്കും. സാധാരണ നിലയില്‍ ഓരോ ജില്ലയിലെയും ഒഴിവിലേക്ക് അതത് ബറ്റാലിയന്‍വഴിയാണ് നിയമിക്കാറ്. കെഎപി ഒന്നുമുതല്‍ അഞ്ചുവരെ, എംഎസ്പി, എസ്എപി എന്നിങ്ങനെയായിരുന്നു ബറ്റാലിയന്‍.

വിജ്ഞാപനവും ടെസ്റ്റുമെല്ലാം ഒന്നിച്ചാണെങ്കിലും ബറ്റാലിയന്‍ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. എന്നാല്‍, വനിതാ ബറ്റാലിയനിലേക്കും വിവിധ ബറ്റാലിയനിലേക്കും ഒരേ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടക്കുന്നതിനാല്‍ വനിതാ ബറ്റാലിയനിലേക്കുള്ളവര്‍ ഏത് ജില്ലക്കാരായാലും ബറ്റാലിയന്‍ ആസ്ഥാനത്തും മറ്റുള്ളവര്‍ അതത് ജില്ലകളിലും ജോലിചെയ്യണം. ഇത് സീനിയോറിറ്റിയെ അടക്കം ബാധിക്കുമെന്നതിനാല്‍ വനിതാ ബറ്റാലിയനില്‍ നിയമിക്കപ്പെട്ടവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അവ പരിഗണിച്ചാണ് വനിതാ ബറ്റാലിയനിലേക്ക് നിയമിക്കപ്പെടുന്നവരെ സീനിയോറിറ്റി ക്രമത്തില്‍ വിവിധ ബറ്റാലിയനുകളിലോ ജില്ലകളിലോ നിയമിക്കാമെന്ന പുതിയ ഉത്തരവ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *