KOYILANDY DIARY

The Perfect News Portal

മുംബൈ സ്‌ഫോടനക്കേസ്: അബുസലിം അടക്കം ആറു പേര്‍ കുറ്റക്കാരെന്ന് ടാഡാ കോടതി

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അധോലോക നായകന്‍ അബുസലിം അടക്കം ആറു പേര്‍ കുറ്റക്കാരാണെന്ന് ടാഡാ കോടതി. അബു സലിമിനെ കൂടാതെ, മുസ്തഫ ദോസെ, കരീമുള്ള ഖാന്‍, ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍, റിയാസ് സിദ്ധിഖി, താഹിര്‍ മെര്‍ച്ചന്റ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം ടാഡാ കോടതി ശരിവച്ചു.

സ്‌ഫോടനം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പ്രതികള്‍ക്ക് പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. അതേസമയം, അബ്ദുള്‍ നാസര്‍ ഗയയെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരകര്‍ക്ക് ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. മുസ്തഫ ദോസെ അയച്ച ആയുധങ്ങള്‍ അബുസലിം വഴിയാണ് മുംബൈയിലെത്തിച്ചത്. കേസിന്റെ മുഖ്യസൂത്രധാരന്‍ യാക്കൂബ് മേമനെ രണ്ടു വര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു.

Advertisements

1993 മാര്‍ച്ച് 12 നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു പിന്നാലെയുണ്ടായ കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്നാണ് കണ്ടെത്തല്‍. 2007ല്‍ കേസിലെ ആദ്യഘട്ട വിചാരണ അവസാനിച്ചപ്പോള്‍ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *