KOYILANDY DIARY.COM

The Perfect News Portal

സംയോജിത കൃഷിയുടെ പുതിയ സാധ്യതകള്‍ തേടി നടേരി വെളിയണ്ണൂര്‍ ചല്ലിയിൽ പുതിയ പദ്ധതി

കൊയിലാണ്ടി: നെല്‍ക്കൃഷി കേന്ദ്രമാക്കി സംയോജിത കൃഷിയുടെ പുതിയ സാധ്യതകള്‍ തേടി നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ പുതിയ പദ്ധതികള്‍ വരുന്നു. മൂന്നിന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിക്കും. തരിശായി കിടക്കുകയായിരുന്ന ആയിരത്തോളം ഏക്കര്‍ വരുന്ന വെളിയണ്ണൂര്‍ ചല്ലിയില്‍ പുതുതായി അഞ്ഞൂറോളം ഏക്കര്‍ സ്ഥലത്ത് ഈ വര്‍ഷം നെല്‍ക്കൃഷി ചെയ്തിരുന്നു. പകുതിയോളം സ്ഥലം ഇപ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതെ കിടക്കുകയാണ്.

നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ മുഴുവന്‍ സ്ഥലവും ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തി ചല്ലിയില്‍ സമഗ്ര വികസനപദ്ധതി ആവിഷ്‌കരിക്കാനുള്ള പദ്ധതി ആസൂത്രണമാണ് നടത്തുക. ഇതിന്റെ ഭാഗമായാണ് മേയ് മൂന്നിന് മൂന്നുമണിക്ക് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ചല്ലി സന്ദര്‍ശിക്കുന്നത്. ഊരള്ളൂരില്‍ കൊയ്ത്തുത്സവവും മന്ത്രി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി, ജലം, പുഴ സംരക്ഷണം എന്നിവ ഉറപ്പുവരുത്തിയുള്ള പദ്ധതിയായിരിക്കും വെളിയണ്ണൂര്‍ ചല്ലിയില്‍ നടപ്പാക്കുക. വെളിയണ്ണൂര്‍ ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിക്കാനുള്ള ശ്രമവും നടത്തും.

വെളിയണ്ണൂര്‍ ചല്ലിയില്‍ ജല ക്രമീകരണത്തിന് അരിക്കുളം ഒറവിങ്കല്‍ താഴ മുതല്‍ ചെറോല്‍പ്പുഴവരെ രണ്ടര കിലോമീറ്ററോളം നീളത്തില്‍ വലിയ തോട് നിര്‍മിച്ചിട്ടുണ്ട്. ഈ തോട്ടില്‍ മീന്‍ വളര്‍ത്തി കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കാവുന്ന പദ്ധതിയും ആലോചനയിലുണ്ട്. താറാവുകൃഷിക്ക് അനുകൂല സാഹചര്യമാണ് ഇവിടെയുള്ളത്. തോടിന്റെ ഇരു കരകളിലുമുള്ള നടപ്പാത കയര്‍ ഭൂവസ്ത്രം ധരിപ്പിച്ച് സംരക്ഷിച്ചിട്ടുണ്ട്. ഒറ്റക്കണ്ടം ചെറോല്‍പ്പുഴ മുതല്‍ അരിക്കുളം ഒറവിങ്കല്‍ താഴ വരെയാണ് നിലവില്‍ തോട് നിര്‍മിച്ചത്. ഈ തോടിനെ നായാടന്‍ പുഴയുമായി ബന്ധിപ്പിച്ച്, പായലും ചെളിയും നിറഞ്ഞുകിടക്കുന്ന പുഴ വീണ്ടെടുക്കുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു.

Advertisements

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത മിഷന്‍ പദ്ധതിയുടെ ഭാഗമായി തരിശുപാടങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുകയെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വെളിയണ്ണൂര്‍ ചല്ലിയിലും പുതുതായി കൃഷിയിറക്കിയത്. മൊത്തം ആയിരത്തിലധികം ഏക്കര്‍ കൃഷിഭൂമി വെളിയണ്ണൂര്‍ ചല്ലിയില്‍ ഉണ്ട്. ഇതില്‍ 413 ഏക്കര്‍ സ്ഥലത്താണ് ഈ വര്‍ഷം കൃഷിയിറക്കിയത്. കാര്‍ഷിക പ്രവര്‍ത്തനത്തിന് അരിക്കുളം സര്‍വീസ് സഹകരണ ബാങ്ക് പലിശരഹിത വായ്പയും നല്‍കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *