KOYILANDY DIARY.COM

The Perfect News Portal

ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ സർക്കാർ ഏറ്റെടുക്കണം: കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതി

കൊയിലാണ്ടി. കീഴരിയൂർ പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്‌കൂളായ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർസെക്കണ്ടറി സ്ക്കൂൾ പ്രതിഫലം നൽകാതെ സർക്കാർ ഏറ്റെടുക്കണമെന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗോപാലൻ നായർ അവതരിപ്പിച്ച പ്രമേയം   ഭരണസമിതി ഐക്യകണ്ഠേനയാണ് പാസാക്കിയത്.
1964ൽ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ ദശാബ്ദങ്ങളോളം ജില്ലയിലെത്തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. എന്നാൽ വാസുദേവാശ്രമം ട്രസ്റ്റിന്റെ നോമിനിയും  സ്ക്കൂളിന്റെ മാനേജരുമായിരുന്ന അരങ്ങിൽ ഗോപിനാഥൻ എന്നയാൾ 2015ൽ മരണപ്പെട്ടതോടെ ട്രസ്റ്റിനകത്ത് വിഭാഗീയതയും അവകാശത്തർക്കവും രൂക്ഷമായി. ഇതോടെ സ്‌ക്കൂളിന് പുതിയ മാനേജരെ നിശ്ചയിക്കാൻ കഴിഞ്ഞതുമില്ല. പതിനഞ്ച് അംഗ ട്രസ്റ്റിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ആറുപേർ മാത്രമാണ്. ഇവർ എല്ലാവരും എൺപത് വയസ്സ് പിന്നിട്ടവരും ആണ്.
ട്രസ്റ്റ് ബൈലോ പ്രകാരം ചുരുങ്ങിയത് എട്ട് അംഗങ്ങൾ എങ്കിലും ഉണ്ടെങ്കിലേ ഗവേണിംഗ് ബോഡി നിലനിൽക്കുകയുള്ളൂ.  ട്രസ്റ്റ് ഇപ്പോൾ അസാധുവായ സ്ഥിതിയിലാണുള്ളത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി സ്ഥാപിച്ച സ്കൂൾ  സൗജന്യമായി ലഭിച്ച അഞ്ചേക്കർ സ്ഥലത്താണ്  പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിഫലം നൽകാതെ തന്നെ സ്ക്കൂൾ വിദ്യാഭ്യാസ വകുപ്പ്  ഏറ്റെടുക്കണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
Share news

Leave a Reply

Your email address will not be published. Required fields are marked *