വെടിവെയ്പ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍ ; പൊലീസിന് പരിക്കില്ല

വൈത്തിരി: വൈത്തിരിയില്‍ ആദ്യം വെടിവയ്പ് തുടങ്ങിയത് മാവോയിസ്റ്റുകളെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ. തുടര്‍ന്ന് പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും ഐജി വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ് മരിച്ചത്.
സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വെടിവയ്പ് നടന്ന റിസോര്‍ട്ടിലെത്തി.

