ലോക ലഹരിവിരുദ്ധ ദിനത്തിൽ മദ്യത്തിനെതിരെ വീടുകളിൽ കുടുംബ പ്രതിഷേധം
കൊയിലാണ്ടി: ഭീകരമായ കൊറോണ വ്യാപനത്തിലും ക്രൂരമായ മദ്യവ്യാപാരം എന്ന ദുർവ്യവസ്ഥയൊടുള്ള പ്രതിഷേധവുമായി ലോക ലഹരിവിരുദ്ധ ദിനത്തിൽ കേരള മദ്യ വിരുദ്ധ ജനകീയമുന്നണിയിലെ വിവിധ സംഘടനാ പ്രവർത്തകർ സംസ്ഥാന തലത്തിൽ ഗൃഹാങ്കണങ്ങളിൽ കുടുംബ പ്രതിഷേധം നടത്തി. മുന്നണി സംസ്ഥാന ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും കുടുംബവും പങ്കുചേർന്ന പ്രതിഷേധ പരിപാടി പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷെഫീക്ക് വടക്കയിൽ നിർവ്വഹിച്ചു. മുചുകുന്നിൽ വി. കെ. ദാമോദരനും കുടുംബവും സ്വവസതിക്കുമുൻപിൽ പ്രതിഷേധപരിപാടി നടത്തി. പയ്യോളി മേഖലയിൽ കൊറോണയുടെ ടി.പി.ആർ 10 ശതമാനത്തിലെത്തുമ്പോഴാണ് മദ്യക്കടകൾ തുറന്നതെന്നും അത് രോഗവ്യാപനത്തിന് കാരണമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.




