റോഡ് തകർന്നു

കൊയിലാണ്ടി: ഊരളളൂര്‍ – മുത്താമ്പി – വൈദ്യരങ്ങാടിയില്‍ നിന്നാരംഭിച്ച് ഒറ്റക്കണ്ടം, ഊരളളൂര്‍, മന്ദങ്കാ വ് വഴി നടുവണ്ണൂരിലെത്തുന്ന റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. ജപ്പാന് കുടിവെളള പദ്ധതിയുടെ ഭാഗമായി ജല വിതരണം കൊയിലാണ്ടി ടൗണിലേക്ക് എത്തിക്കാന്‍ ഈ റോഡില്‍ ചാലുകീറി കുഴല്‍ സ്ഥാപിച്ചിരുന്നു. ഇതാണ് റോഡ് തകരാനുളള പ്രധാന കാരണം.
ഒരു വര്‍ഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് ഊരളളൂര്‍ നടുവണ്ണൂര്‍ റോഡ് റീ ടാറിംങ്ങ് നടത്തി പുനരുദ്ധരിച്ചത്. അത് കഴിഞ്ഞപ്പോഴാണ് ജലവിതരണ കുഴലിടാന്‍ റോഡ് വീണ്ടും കുത്തികുഴിച്ചത്. ഇതോടെ റോഡരിക് ഇടിഞ്ഞ് ഗതാഗതം അതീവ പ്രയാസത്തിലായി. ഇതിന്റെ കൂടെ മഴ കൂടി പെയ്തതോടെ ചളിവെളളം കെട്ടി നിന്ന് വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. ഇതുവഴി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ മറ്റ് വശങ്ങള്‍ക്ക് വശം കൊടുക്കുമ്പോള്‍ റോഡരികിലെ കുഴികളിലേക്ക് താഴുന്നത് നിത്യ സംഭവമാണ്.
ഞായറാഴ്ച മന്ദങ്കാവിനടുത്ത് ഒരു ബസ്സ് കുഴിയിലേക്ക് മറിഞ്ഞിരുന്നു. വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും വശത്തെ ചളിയില്‍ താഴ്ന്നു. ഊരളളൂര്‍ ടൗണില്‍ ഭാരം കഴറ്റിയ മൂന്ന് ലോറികളും ചളിയില്‍ താഴ്ന്നു. വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് കയറ്റാന്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഒട്ടനവധി ഇരു ചക്രവാഹനക്കാര്‍ ചെളിയില്‍ തെന്നി വീണു അപകടമുണ്ടായിട്ടുണ്ട്.
ഈ റോഡ് കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുവാന്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് കരാര്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. നിര്‍മ്മാണ ചുമതല കൈമാറാന്‍ ഊരാളൂങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്ക് സെലക്ഷന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ.ദാസന് എം.എല്‍.എയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. തൊട്ടടുത്തുളള മുത്താമ്പി, ആഴാവില്‍താഴ, എളയടത് ത് മുക്ക്,കാവുംവട്ടം, മൂഴിക്ക് മീത്തല്‍,അണേല, കൊയിലാണ്ടി റോഡും സി.ആര്.എഫ് ഫണ്ടുപയോഗിച്ച് (10 കോടി) നവീകരിക്കുന്നുണ്ട്. ഇതും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്. ഇതിന്റെ പണി ഉടന്‍ ആരംഭിക്കും.
