റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍ ചുമതലയേറ്റേക്കും

മുംബൈ: റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍ ചുമതലയേറ്റേക്കും. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍ എസ് വിശ്വനാഥന്‍. 2016ല്‍ ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി വിശ്വനാഥന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ആര്‍ബിഐ ഭരണസമിതിയോഗം ചേരാനിരിക്കേയാണ് ഉര്‍ജിത് പട്ടേലിന്റെ രാജി. അതുകൊണ്ടുതന്നെ ആര്‍ബിഐ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ യോഗമാണ് നടക്കാനിരിക്കുന്നത്. ഗവര്‍ണറായി അധികാരത്തിലേറ്റാല്‍ വെള്ളിയാഴ്ച നടക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ വിശ്വനാഥന്‍ ആയിരിക്കും പങ്കെടുക്കുക. സര്‍ക്കാര്‍ തലത്തിലെ പ്രശ്നങ്ങള്‍, പണപ്പെരുപ്പം, ഉത്പാദന മേഖലയിലെ വായപയുടെ ഒഴുക്ക്- പ്രത്യേകിച്ച് ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ വായപയുടെ ഒഴുക്ക് എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. കാലാവധി തികയാന്‍ ഒരുവര്‍ഷത്തോളം ബാക്കിയിരിക്കേയാണ് പട്ടേലിന്റെ രാജി.

2016ലാണ് ആര്‍ബിഐ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കുന്നത്. റിസവര്‍വ് ബാങ്കിന്റെ 24-ാമത്തെ ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍.

