KOYILANDY DIARY.COM

The Perfect News Portal

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍. രാജ്യത്തെ മത നിരപേക്ഷത സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കൂട്ടായ്മ അത്യാവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാവും. എന്നാല്‍ താന്‍ രാജ്യസഭയിലേക്കില്ലെന്നും ജോസ് കെ മാണിയെ രാജ്യസഭയിലേക്കയക്കാന്‍ താത്പര്യമില്ലെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഒരു മണിക്കൂര്‍ നേരത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച്‌ മാണി നിലപാട് വ്യക്തമാക്കിയത്. ഇന്ന് തന്നെ ചേരുന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.

ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് 2016 ആഗസ്തിലായിരുന്നു മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച്‌ മാണി യുഡിഎഫ് വിട്ടത്‌. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പോടെ മാണി വീണ്ടും യു.ഡി.എഫിനോട് അടുത്തു. മാണി യു.ഡി.എഫിലേക്ക് തന്നെയാണെന്ന ചര്‍ച്ച സജീവമായിരുന്നുവെങ്കിലും തങ്ങളുടെ രാജ്യസഭാ സീറ്റ് മാണിക്ക് വീട്ട് കൊടുത്താണ് ഒടുവില്‍ കേരളകോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം കോണ്‍ഗ്രസ് ഉറപ്പിച്ചത്.

Advertisements

കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കേരളാ കോണ്‍ഗ്രസ്സിനെ ഒന്നാം നമ്ബര്‍ ശത്രുവായി കണ്ടൂവെന്നും, ക്ഷമയുടെ നെല്ലിപ്പലകയും കണ്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്നുമായിരുന്നു മുന്നണി വിടുമ്ബോള്‍ അന്ന് മാണി പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രതീക്ഷിക്കാതെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ എല്ലാം മറന്ന് വീണ്ടും മാണി മുന്നണിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *