KOYILANDY DIARY.COM

The Perfect News Portal

യോഗ പരീക്ഷ പാസാകുന്ന ജയില്‍പുള്ളികള്‍ക്ക് ശിക്ഷാകാലാവധിയില്‍ ഇളവ് കിട്ടും.

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ യോഗ പരീക്ഷ മികച്ച മാര്‍ക്കോടെ പാസാകുന്ന ജയില്‍പുള്ളികള്‍ക്ക് ശിക്ഷാകാലാവധിയില്‍ ഇളവ് കിട്ടും. സംസ്ഥാന ജയില്‍ വകുപ്പാണ് ജയില്‍പുള്ളികളെ യോഗ പഠിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കിയത്. നാഗ്പൂര്‍ ജയിലിലെ ഒരു തടവുപുള്ളിയെ ഈ പദ്ധതി പ്രകാരം ശിക്ഷാകാലാവധി അവസാനിക്കാന്‍ 40 ദിവസം ശേഷിക്കെ ജയിലില്‍ നിന്ന് വിട്ടയച്ചു. ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ശീതള്‍ കവാലെയാണ് ഇങ്ങനെ ജയില്‍ മോചിതനായത്.

ബന്ധുവിനെ മാനഭംഗപ്പെടുത്തിയതിന് 2012 ലാണ് സെഷന്‍സ് കോടതി കവാലെയെ ശിക്ഷിച്ചത്. ഈ വര്‍ഷം ആദ്യം നടത്തിയ യോഗ പരീക്ഷയില്‍ ഡിസ്റ്റിങ്ഷനോടെയാണ് കവാലെ പാസായത്. 100 ജയില്‍പുള്ളികള്‍ പരീക്ഷ പാസായിട്ടുണ്ടെന്നും ഇവര്‍ക്കും ഭാവിയില്‍ ശിക്ഷായിളവ് നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായി പറഞ്ഞു. ശിക്ഷാകാലാവധി പൂര്‍ത്തിയാകാറായവര്‍ എന്ന പരിഗണനയിലാണ് കവാലയേയും മറ്റൊരാളേയും ആദ്യം വിട്ടയച്ചത്.

മയക്കുമരുന്ന് കടത്ത് കേസിലും തീവ്രവാദ കേസുകളിലും ശിക്ഷിക്കപ്പെട്ടവര്‍ക്ക് യോഗാപരീക്ഷ പാസായാലും ശിക്ഷായിളവ് നല്‍കില്ല. അടുത്ത യോഗ പരീക്ഷ ഒക്ടോബറില്‍ നടത്തും. മഹാരാഷ് ട്രയിലെ ഏഴ് സെന്‍ട്രല്‍ ജയിലുകളിലും യോഗ പരീക്ഷ നടത്തുന്നുണ്ട്. മെയ് ജൂണ്‍ മാസങ്ങളിലായി നടത്തിയ പരീക്ഷയുടെ ഫലം ജൂലായിലാണ് പുറത്തുവന്നത്.

Advertisements

എഴുത്തുപരീക്ഷയ്ക്കും പ്രായോഗിക പരീക്ഷയ്ക്കും 50 മാര്‍ക്ക് വീതമാണുള്ളത്. നാഗ്പൂര്‍, ഔറംഗബാദ് സെന്‍ട്രല്‍ ജയിലുകളിലെ നാല് പേര്‍ വീതം ഈ പരീക്ഷ പാസായി 30 മുതല്‍ 40 ദിവസം വരെ ശിക്ഷാ ഇളവിന് അര്‍ഹരായിട്ടുണ്ട്.

Share news