KOYILANDY DIARY.COM

The Perfect News Portal

യൂത്ത് ലീഗ് നേതാവിനെ അക്രമിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പൊലീസ് പിടിയില്‍

നാദാപുരം: അരൂര്‍ എളയിടത്ത് ലീഗിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് നേതാവിനെ അക്രമിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പൊലീസ് പിടിയില്‍. സംഘത്തില്‍ നിന്നും വാള്‍, സ്റ്റീല്‍ വടി, ഇരുമ്പ്‌ വടി എന്നിവ കണ്ടെടുത്തു. എളയിടം മലയില്‍ റഹീം(20), അരൂര്‍ മഠത്തില്‍താഴെ ആമിര്‍(28), കടമേരി കുന്നോംതാഴെ മുനീര്‍(28) എന്നിവരെയാണ് എസ്.ഐ കെ.പി. അജേഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടികൂടിയത്. എളയിടം ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് റാഷിദിനെ അക്രമിക്കാനാണ് സംഘമെത്തിയതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇയാളെ വാഹനത്തില്‍ തട്ടികൊണ്ട് പോകുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. റാഷിദ് നാദാപുരം ഫെഡറല്‍ ബാങ്കിന് സമീപം കരാട്ടെ ക്ലാസ്സ് നടത്തുന്നുണ്ട്.

 ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ തട്ടിക്കൊണ്ട് പോയി അക്രമിക്കാനായിരുന്നു പദ്ധതി. രാത്രി വാഹന പരിശോധനയ്ക്കിടയില്‍ പൊലീസിനെ കണ്ട അക്രമി സംഘത്തില്‍ പെട്ട യുവാക്കള്‍ ട്രാവലറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് പിടികൂടി.

വാഹനത്തിനുളളില്‍ ആയുധങ്ങള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു മീറ്റര്‍ നീളമുളള വടി വാള്‍, വിദേശ നിര്‍മ്മിത സ്റ്റീല്‍ വടി പ്രത്യേക തരത്തിലുളളതാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ എളയടം ഭാഗത്ത് ലീഗുകാര്‍ തമ്മില്‍ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. ലീഗ് ഓഫീസ് താഴിട്ട് പൂട്ടിയത് ഉള്‍പ്പടെ നിരവധി സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. അതിനിടയിലാണ് യൂത്ത് ലീഗിന്റെ പ്രാദേശിക നേതാവിന് നേരെ അക്രമ നീക്കം നടക്കുന്നത്. സംഘം നാദാപുരം തിരഞ്ഞെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദേശങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിച്ച്‌ വരികയാണ്.

നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സംഘം സഞ്ചരിച്ച കെ.എല്‍. 58 എച്ച്‌ 5973 നമ്പര്‍ ടെംബോ ട്രാവലര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *