മെയ് 30ന് ഔഷധ വ്യാപാരികള്‍ രാജ്യവ്യാപകമായി കടകളടച്ച് സമരം ചെയ്യും

കല്‍പ്പറ്റ: ഔഷധ വ്യാപാരികള്‍ മെയ് 30ന് രാജ്യവ്യാപകമായി കടകളടച്ച് സമരം ചെയ്യുമെന്ന് ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ പോര്‍ട്ടലും നടപ്പാക്കരുത്, ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്‌കരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ ഒരേ വിലക്ക് എല്ലാ മേഖലകളിലുമുള്ള ജനങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടയടപ്പ് സമരം.
രാജ്യത്തെ 8.5 ലക്ഷത്തില്‍പരം ഔഷധ വ്യാപാരികളുടേയും അവരെ ആശ്രയിച്ച് കഴിയുന്ന 50 ലക്ഷം കുടുംബാംഗങ്ങളുടേയും ജീവിതം സംരക്ഷിക്കുക, രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവിന് വ്യക്തത വരുത്തുകയും അതിന്റെ ഗുണഫലം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക, ജിഎസ്ടി നടപ്പാക്കുന്ന തിയതിക്ക് മുന്‍പുള്ള ദിവസം ഔഷധ വ്യാപാരികളുടെ പക്കലുള്ള നീക്കിയിരിപ്പ് സ്റ്റോക്കിന് സര്‍ക്കാരില്‍ അടച്ച വാറ്റ് നികുതി തിരിച്ച് നല്‍കാനുള്ള ഉത്തരവ് ഇറക്കുക, തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന്‍ ഉന്നയിച്ചു.

പത്ര സമ്മേളനത്തില്‍ ഓള്‍ കേരള കെമിസ്റ്റ് സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ. നാസര്‍, ജില്ലാ പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി ടി.പി. കുഞ്ഞുമോന്‍, ജോയിന്‍ സെക്രട്ടറി എ.കെ. രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് വി.ബി. വിനയ്, സി.ബി. ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.

