KOYILANDY DIARY.COM

The Perfect News Portal

മുതിര്‍ന്ന പൗരന്മാര്‍ക്ക് ‘നവജീവന്‍’ പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് ‘കര്‍മചാരി’ പദ്ധതി; നൂതന തൊഴില്‍ പദ്ധതികള്‍ വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന നൂതന തൊഴില്‍ പദ്ധതികള്‍ നിയമസഭയില്‍ വ്യക്തമാക്കി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് തൊഴില്‍ വകുപ്പിന്റെ നൂതന പദ്ധതികള്‍ മന്ത്രി ചൂണ്ടിക്കാട്ടിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ജീവനോപാധി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ വകുപ്പ് ‘നവജീവന്‍’ പദ്ധതി നടപ്പിലാക്കുന്നതായും സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള പൗരന്മാര്‍ക്ക് അനുയോജ്യമായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ലളിതമായ വ്യവസ്ഥകളോടെ പലിശ രഹിത വായ്പ നല്‍കുന്നതാണ് പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ ദാരിദ്ര്യരേഖക്ക് താഴെയുള്ള വിധവകള്‍, 30 വയസ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍, അംഗപരിമിതരായ വനിതകള്‍, കിടപ്പിലായവരും നിത്യ രോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ തുടങ്ങിയവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപവരെ അനുവദിക്കുന്ന ‘ശരണ്യ’ പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് തൊഴിലിന്റെ മഹത്വം മനസ്സിലാക്കുന്നതിനും പഠനത്തോടൊപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ‘കര്‍മചാരി’ പദ്ധതി തൊഴില്‍ വകുപ്പ് ആവിഷ്കരിച്ച്‌ നടപ്പാക്കുന്നുണ്ട്. 9,11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷം 25 ശനിയാഴ്ചകളില്‍ രണ്ടു മണിക്കൂര്‍ വീതം (ആദ്യ 50 മണിക്കൂര്‍) പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും വേതനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി.

Advertisements

പരമ്ബരാഗത മേഖലയിലും അതിഥി തൊഴിലാളി മേഖലയിലും അസംഘടിത മേഖലയിലും തോട്ടംതൊഴിലാളി മേഖലയിലും ഭിന്നശേഷിക്കാര്‍ക്കായും നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രമുഖ ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസ് ഉള്‍പ്പെടുത്തി കോവളം, വിഴിഞ്ഞം മേഖലയില്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവിധ തൊഴിലവസരങ്ങള്‍, ടൂറിസം, മത്സ്യമേഖല എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വിവിധ പരിശീലന പരിപാടികളാണ് സെന്ററില്‍ ഉണ്ടാകുക എന്നും മന്ത്രി വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *