മദ്യ-മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: മയക്കുമരുന്ന് വിരുദ്ധ സെല്ലില്‍ വിശിഷ്ട സേവനം അനുഷ്ഠിച്ച ചില ഉന്നത ഉദ്യോഗസ്ഥര്‍ പോലും മയക്കുമരുന്നിന് അടിമപ്പെട്ട അനുഭവങ്ങളെ വിദ്യാര്‍ഥി സമൂഹം ഏറെ ജാഗ്രതയോടെ പാഠമാക്കണമെന്ന് ഡല്‍ഹി പോലീസില്‍ ക്രൈം ഇക്കണോമിക് ഒഫന്‍സസ് സ്പെഷല്‍ കമ്മീഷണറും എസ്പിജി ഡെപ്യൂട്ടി ഡയരക്ടറുമായിരുന്ന രഞ്ജിത്ത് നാരായണന്. കാലിക്കട്ട് സര്‍വകലാശാലയില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദ്യ-മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിസാരവിലയ്ക്ക് തുടക്കത്തില്‍ മയക്കുമരുന്ന് ലഭ്യമാക്കി ലഹരികളുടെ അടിമകളാക്കുന്ന തന്ത്രത്തേയും അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹിക കൂട്ടായ്മകളുടെ ഭാഗമായി മദ്യപാനത്തെ കാണുന്ന കേരളീയരില്‍ ചിലരുടെ രീതിയും അപകടകരമാണ്. മദ്യ-മയക്കുമരുന്ന് ഉപയോഗം റോഡപകടങ്ങള്‍ക്ക് മുഖ്യ കാരണങ്ങളിലൊന്നാണെന്നും രഞ്ജിത്ത് നാരായണന് പറഞ്ഞു. ഭാരതത്തിന്റെ മാനവവിഭവ ശേഷിയുടെ ശരിയായ വിനിയോഗത്തിന് മദ്യവും മയക്കുമരുന്നും വിഘാതമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.വി. വത്സരാജന്‍ അധ്യക്ഷനായിരുന്നു. ഡോ.- കെ.ഗോപാലന്, ഡോ. ബേബി ശാരി, ഡോ. ഇ. ശ്രീകുമാരന്‍, ഡോ. പി. രജിത് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സിന്‍ഡിക്കറ്റ് അംഗം കെ.കെ.ഹനീഫ സമാപന പ്രഭാഷണം നടത്തി.

സിന്‍ഡിക്കറ്റ് അംഗം ഡോ. പി.എം. സലാഹുദ്ദീന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ കോളജുകളിലെയും സ്കൂളുകളിലെയും എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ പങ്കെടുത്തു.

