KOYILANDY DIARY.COM

The Perfect News Portal

ഭീഷണിപ്പെടുത്തിയിട്ടും നിശബ്ദമാക്കാനാവാതെ വന്നപ്പോള്‍ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം: സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം:ആശ്രമം കത്തിച്ച‌് തന്നെ വകവരുത്താനുള്ള ശ്രമത്തിനു പിന്നില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ‌് ശ്രീധരന്‍പിള്ള, താഴമണ്‍ തന്ത്രികുടുംബം, പന്തളം രാജകൊട്ടാരം എന്നിവരുടെ ഗൂഢാലോചനയും ആഹ്വാനവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു.

ഭീഷണിപ്പെടുത്തിയിട്ടും നിശബ്ദമാക്കാനാവാതെ വന്നപ്പോള്‍ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം. കൃത്യസമയത്ത് ഫയര്‍ഫോഴ്‌സ് എത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ശബരിമലയുടെ പേരില്‍ കേരളത്തെ കത്തിക്കുകയെന്ന പരസ്യമായ ആഹ്വാനവും അവര്‍ നടത്തി. ബിജെപി നടത്തിയ യാത്രയില്‍ പങ്കെടുത്ത വിശ്വാസികളെ, തെറ്റിദ്ധരിപ്പിച്ചതാണെന്ന് കൃത്യമായി ഞാന്‍ പറഞ്ഞു കൊടുത്തിരുന്നു. ഇത് തിരിച്ചറിഞ്ഞ വലിയൊരു വിഭാഗം, അറിയാതെ ജാഥയില്‍ പങ്കെടുത്തതാണെന്ന് പറയുകയും ചെയ്തിരുന്നു.

വിശ്വാസികള്‍ക്ക് ശരിയായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന താനാണ് കുഴപ്പക്കാരനെന്ന തിരിച്ചറിവാണ് ആക്രമത്തിന് പ്രേരകമായത്. ബിജെപി സംസ്ഥാന പ്രസിഡന്റ‌് ശ്രീധരന്‍പിള്ള ക്രിമനല്‍ ലോയര്‍ എന്ന നിലയില്‍ അക്രമത്തിന‌് ആഹ്വാനം ചെയ്യുകയായിരുന്നു. നിങ്ങള്‍ അക്രമം നടത്തിയാല്‍ അഭിഭാഷകനായ ഞാന്‍ സംരക്ഷിച്ചുകൊള്ളാം എന്നതായിരുന്നു ആഹ്വാനം. കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന‌് കലാപത്തിന‌് ധനം സമാഹരിക്കുന്നത‌് രാഹുല്‍ ഇശ്വര്‍ ആണ‌്. അങ്ങനെ ആക്രമികളെ കേസുകളില്‍നിന്ന‌് രക്ഷിക്കാനാണ‌് രാഹുല്‍ ശ്രമിക്കുന്നത‌്. താന്ത്രികമോ ധാര്‍മികമോ യുക്തിപരമോ അല്ലാത്ത വാദങ്ങള്‍ ഉയര്‍ത്തി പന്തളം കൊട്ടാരം കുടുംബാംഗങ്ങള്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ‌്.

Advertisements

ആശ്രമം തീയിട്ടാല്‍ യാഥാര്‍ഥ സന്യാസിയെ ഭയപ്പെടുത്താനാകില്ലെന്ന‌് മനസ്സിലാക്കണം. സന്യാസി നിര്‍ഭയനാണ‌്.സര്‍വസംഗപരിത്യാഗിയാണ‌്. ഇത്തരം യഥാര്‍ഥ സന്യാസിയെ അക്രമണകാരികള്‍ക്ക‌് അധികം പരിചയം കാണില്ല. അവര്‍ക്ക‌് പലതിന്റെയും വില്‍പ്പനകള്‍ നടത്തുന്ന സന്യാസിമാരെയാണ‌് പരിചയം. സോപ്പ‌്, ഷാംപൂ, ചില്ലറ ആട്ടപ്പൊടിയൊക്കെ വില്‍ക്കുകയും കെട്ടിപ്പിടിച്ച‌് അനുഗ്രഹം കൊടുക്കുന്ന അനുഗ്രഹ തൊഴിലാളികളായ സന്യാസിമാരെയെ അക്രമികള്‍ കണ്ടിട്ടുള്ളൂ. ഭാരതീയ ധര്‍മശാസ‌്ത്രത്തെ, ഋഷി പാരമ്ബര്യത്തെ ജനങ്ങള്‍ക്ക‌് പരിചയപ്പെടുത്തി‌ക്കൊടുക്കുകയാണ‌് ഞാന്‍. അതുകൊണ്ട‌് അക്രമം എപ്പോഴും പ്രതീക്ഷിച്ചിട്ടുണ്ട‌്.

ഇതുപോലെ നാളെ എന്നെ കത്തിക്കാം. പക്ഷെ, നിലപാടില്‍ മാറ്റമില്ല. ഇതാണ‌് സംഘപരിവാരത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന‌് ജനങ്ങള്‍ മനസ്സിലാക്കണം. ഇവര്‍ ഗാന്ധിജിയോട‌്, സ്വാമി വിവേകാനന്ദനോട‌്, ശ്രീനാരായണ ഗുരുവിനോട‌്, സഹോദരന്‍ അയ്യപ്പനോട‌്, അയ്യങ്കാളിയോട‌് ഒക്കെ ചെയ‌്തത‌് ഇതുതന്നെയാണ‌്. അക്രമികള്‍ പൂര്‍വാശ്രമത്തിലെ പേര‌് വിളിക്കുന്നതില്‍ സന്തോഷമേയുള്ളൂ.

എന്നാല്‍, പൂര്‍വാശ്രമത്തിലെ തന്റെ പേര‌് തുളസീദാസ‌് എന്നാണ‌്. സ‌്തുതിയും നിന്ദയും ഒരുപോലെയാണ‌് സന്യാസിക്ക‌്. പൂമാലയിടാം ചെരിപ്പുമാലയിടാം. സ‌്തുതിയും നിന്ദയും ഒന്നുമല്ലെന്ന‌് സന്യാസിക്ക‌് അറിയാം. എന്നെ ഭയപ്പെടുത്തുക എന്നതിലുപരി കേരളത്തെ ഭയപ്പെടുത്തുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം. കേരളത്തിന്റെ മതേതരത്വത്തെ കാംക്ഷിക്കുന്ന, നന്മയെ ആഗ്രഹിക്കുന്ന ഒരു കൂട്ടമാളുകളുണ്ട‌്. അവരെ ഭയപ്പെടുത്തുക അതിന്റെ പക്ഷത്ത‌് ആളുകളെ നിര്‍ത്താതിരിക്കുക എന്നതാണ‌് ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിച്ച‌് മുതലെടുക്കുകയാണ‌്. ആര്‍എസ‌്‌എസിന്റെ സൈദ്ധാന്തിക വിഭാഗമായ ഭാരതീയ വിചാര കേന്ദ്രം വെറും വികാര കേന്ദ്രമായി മാറി. അവരും ഗുണ്ടകളുടെ സ്വാധീനത്തിലാണ‌്- സ്വാമി പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അദ്ദേഹത്തിന്റെ സന്നിധ്യവും കേരള ജനതയ്ക്കുള്ള പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *