KOYILANDY DIARY.COM

The Perfect News Portal

ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്ക് വിടചൊല്ലി മുംബൈ

മുംബൈ: ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്ക് വിടചൊല്ലി മുംബൈ. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെ പൊതുദര്‍ശനം അവസാനിച്ചു. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒന്നു കാണാന്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിയത്. സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു.

എത്തിയവരില്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പൊതുദര്‍ശനം അവസാനിപ്പിക്കുമ്പോ
ഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍ കാത്തുനിന്നു. തങ്ങളുടെ പ്രിയ താരത്തോടുള്ള സ്നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു അവിടെ എത്തിയ ജനപ്രവാഹം.

ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. തബു, ഹേമ മാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിലെത്തി.

Advertisements

ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഭാര്യ രാശ്മി, മകന്‍ ആദിത്യ താക്കറെ എന്നിവരും ആദാരാഞ്ജലി അര്‍പ്പിച്ചു. അജയ് ദേവ്ഗണ്‍, കജോള്‍, ജയാ ബച്ചന്‍, മാധുരി ദീക്ഷിത്, രേഖ, വിദ്യാ ബാലന്‍, ജോണ്‍ എബ്രഹാം, വിവേക് ഒബ്രോയി, ഭൂമിക ചൗള, സതീഷ് കൗശിക്, രവി കൃഷ്ണന്‍, പ്രകാശ് രാജ്, രാകേഷ് റോഷന്‍, ജാക്കി ഷ്റോഫ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

അതേസമയം, പൊതുദര്‍ശനം നടക്കുന്ന സ്പോര്‍ട്സ് ക്ലബ്ബില്‍ ടെലിവിഷന്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നും എന്നാല്‍ ക്യാമറകള്‍ പുറത്തുവച്ചു മാത്രമേ പ്രവേശിക്കാവൂയെന്നും കുടുംബം അറിയിച്ചു. ഭര്‍ത്താവ് ബോണി കപൂര്‍, മക്കള്‍ ജാന്‍വി, ഖുഷി, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ കുടുംബാംഗങ്ങളും സ്പോര്‍ട് ക്ലബിലുണ്ട്.

പൊതുദര്‍ശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം നടത്തും. രണ്ടുമണിയോടെ വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകിട്ട് 3.30നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.

മൃതദേഹം എത്തിക്കുന്ന സമയത്തു വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദുബൈയിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണു ദുബൈ അധികൃതര്‍ വിട്ടുകൊടുത്തത്. മരണം സംബന്ധിച്ച കേസന്വേഷണവും ദുബൈ പോലീസ് അവസാനിപ്പിച്ചു. അബോധാവസ്ഥയിലായതിനെത്തുടര്‍ന്നു ബാത് ടബ്ബില്‍ മുങ്ങിയാണു നടിയുടെ മരണമെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *