പയ്യോളിയിൽ സൂപ്പര്‍ മാര്‍ക്കറ്റിന് പിറകില്‍ സ്ഫോടനം; വ്യാപാരിക്ക് പരിക്ക്
പയ്യോളി: കിഴൂര്‍ ചൊവ്വ വയലിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് പിറകിലുണ്ടായ സ്ഫോടനത്തില്‍ വ്യാപാരിക്ക് പരിക്ക്. കടയുടെ മാനേജിങ് പാര്‍ട്ണറും മണിയൂര്‍ കുന്നത്തുകര സ്വദേശിയുമായ എണ്ണക്കണ്ടി ഹുസൈനാണ് (60) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ പയ്യോളി-പേരാമ്ബ്ര റോഡിലെ കിഴൂര്‍ ചൊവ്വ വയലിന് സമീപത്തെ അവാല്‍ ഹൈപര്‍മാര്‍ക്കറ്റിന് പിറകിലാണ് സ്ഫോടനമുണ്ടായത്. ബോംബിന് സമാനമായ രീതിയില്‍ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞത്. കടയുടെ പിറകിലെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്ബ് കമ്ബികളില്‍ നിര്‍മിച്ച കൂട് ഡ്രില്ലര്‍ ഉപയോഗിച്ച് മുറിച്ച് നീക്കവെയാണ് സംഭവം. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തില്‍ കാലിന് പരിക്കേറ്റ ഹുസൈനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പയ്യോളി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താന്‍ ആയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.