KOYILANDY DIARY.COM

The Perfect News Portal

പെരിടോണിയൽ ഡയാലിസിസ്‌  സംവിധാനങ്ങളുമായി ഗവ. ബീച്ച്‌ ജനറൽ ആശുപത്രി

കോഴിക്കോട്‌: ഡയാലിസിസ്‌ രോഗികൾക്ക്‌  ആശ്വാസമായി  പെരിടോണിയൽ ഡയാലിസിസ്‌  സംവിധാനങ്ങളുമായി  ബീച്ച്‌ ഗവ. ജനറൽ ആശുപത്രി. വീട്ടിൽ വച്ച്‌ ഡയാലിസിസ്‌ ചെയ്യുന്ന ഈ സംവിധാനത്തിനു വേണ്ട ഫ്ലൂയിഡ്‌ കിറ്റുകൾ 6000 എണ്ണം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി. ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കുമുള്ള ആദ്യഘട്ട പരിശീലനവും പൂർത്തിയാക്കി. രോഗിയുടെ വയറ്റിൽ കത്തീറ്റർ വഴി ട്യൂബ്‌ ഘടിപ്പിക്കുന്ന സംവിധാനംകൂടി തുടങ്ങുന്നതോടെ സെന്റർ പൂർണരീതിയിൽ പ്രവർത്തിക്കും.  ഇതോടെ ഗവ. മെഡിക്കൽ കോളേജിലെ തിരക്ക്‌ കുറയും.

പെരിടോണിയൽ ഡയാലിസിസ്‌  11 ജില്ലകളിൽ വ്യാപിപ്പിക്കാനുള്ള ആരോഗ്യ വകുപ്പ്‌ തീരുമാനത്തിന്റെ ഭാഗമായാണ്‌ ബീച്ച്‌ ആശുപത്രിയിൽ പെരിടോണിയൽ ഡയാലിസിസ്‌ സംവിധാനം തുടങ്ങിയത്‌.  ഈ ഡയാലിസിസിനുവേണ്ട  ഡെക്‌സ്‌ട്രോസ്‌ ഫ്ലൂയിഡിന്റെ വിതരണമാണ്‌ ഇവിടെ ആരംഭിച്ചത്‌. വയറിൽ ഘടിപ്പിച്ച ട്യൂബിൽ ഈ ഫ്ലൂയിഡ്‌ നിറയ്‌ക്കുന്നത്‌ മുതലുള്ള  ഡയാലിസിസിന്റെ മുഴുവൻ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ രോഗിയുടെ കൂടെയുള്ളവർക്ക്‌ പരിശീലനം നൽകും. ഈ രീതി പരിചയമാകുംവരെ ആദ്യത്തെ മൂന്നോ നാലോ തവണ ഈ സെന്ററിൽവച്ച്‌ ഡയാലിസിസ്‌ ചെയ്‌തുകൊടുക്കും. 

കത്തീറ്റർ ഉപയോഗിച്ച്‌ വയറിൽ ട്യൂബ്‌ ഘടിപ്പിക്കാനുള്ള സംവിധാനം നിലവിൽ ആയിട്ടില്ല. ഗവ. മെഡിക്കൽ കോളേജിലാണ്‌ ഈ ശസ്‌ത്രക്രിയ ചെയ്യുന്നത്‌. പരിശീലനം പൂർത്തിയായാൽ അധികം വൈകാതെ ആ ശസ്‌ത്രക്രിയയും ഇവിടെ നടത്താനാകുമെന്ന്‌ പെരിടോണിയൽ യൂണിറ്റ്‌ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്‌ ഡോ. പി എം ഷാനു പറഞ്ഞു. ട്യൂബ്‌ ഘടിപ്പിച്ചവർക്ക്‌ അതിൽ നിറയ്‌ക്കാനുള്ള ഫ്ലൂയിഡാണ്‌ നൽകുന്നത്‌.    കഴിഞ്ഞ മാസം 50 ജീവനക്കാർക്കും 50 കൂട്ടിരിപ്പുകാർക്കും രണ്ട്‌ ദിവസങ്ങളിലായി പരിശീലനം നൽകി. ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പുമായി ബീച്ച്‌ ആശുപത്രി ഒപിയിലെത്തിയാൽ ഫ്ലൂയിഡ്‌ നൽകും. ഒരു രോഗിക്ക്‌ ദിവസം മൂന്നോ നാലോ ഫ്ലൂയിഡ്‌ കിറ്റ്‌ വേണ്ടിവന്നേക്കും.

Advertisements

ഒരുമാസം ഏതാണ്ട്‌ 20,000 രൂപ ചെലവ്‌ വരും. ഇതാണ്‌ സർക്കാർ സൗജന്യമായി ലഭ്യമാക്കുന്നത്‌. വീട്ടിൽ അണുവിമുക്തമായ വൃത്തിയുള്ള സാഹചര്യത്തിലാണ്‌ ഡയാലിസിസ്‌ ചെയ്യേണ്ടത്‌. ചെലവേറിയതും ശാരീരിക ബുദ്ധിമുട്ടുള്ളതുമായ ഹീമോ ഡയാലിസിസ്‌ ഘട്ടംഘട്ടമായി കുറയ്‌ക്കുക എന്ന ലക്ഷ്യത്തിലാണ്‌ പെരിടോണിയൽ ഡയാലിസിസ്‌ വ്യാപിപ്പിക്കുന്നത്‌.


Share news

Leave a Reply

Your email address will not be published. Required fields are marked *