KOYILANDY DIARY.COM

The Perfect News Portal

പാടശേഖരം നികത്താനുള്ള സ്വകാര്യവ്യക്തികളുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം

കൊയിലാണ്ടി > വെങ്ങളം ബൈപാസിന്  കിഴക്കുഭാഗത്ത് കാപ്പാടന്‍ കൈപ്പുഴയുടെ ഭാഗമായ പാടശേഖരം നികത്താനുള്ള  സ്വകാര്യവ്യക്തികളുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. തുടര്‍ന്ന് മണ്ണിട്ടുനികത്തലും തെങ്ങുവച്ചു പിടിപ്പിക്കലും  നിര്‍ത്തിവച്ചു. ആക്ഷന്‍ കമ്മറ്റിയും കെഎസ്കെടിയുവുമാണ് കൊടിനാട്ടി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്‌.

നാല്‍പ്പത് ഏക്കര്‍ ഭൂമിയാണ് കൃഷിയൊന്നുമിറക്കാതെ ഏറെകാലമായി തരിശിട്ടിരിക്കുന്നത്. ബൈപാസിന് തൊട്ടടുത്തുള്ള  പത്ത് ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് കഴിഞ്ഞദിവസം മണ്‍കൂടങ്ങള്‍ നിര്‍മിച്ചും മണ്ണിറക്കിയും നികത്താന്‍ ശ്രമിച്ചത്. ഓര്‍കൈമ എന്ന അതിവിശിഷ്ട നെല്‍വിത്തിനം വര്‍ഷങ്ങളോളം വിളഞ്ഞ ഭൂമിയാണിത്. വര്‍ഷത്തില്‍ മൂന്നു തവണകളിലും കൃഷിയിറക്കിയിരുന്ന ഇവിടം കാപ്പാടന്‍ കൈപ്പുഴയുടെ ഭാഗമായതിനാല്‍ സ്ഥിരമായി വളക്കുറുള്ള മേഖലയാണ്.

ഈ ഭൂമിയുടെ ഒരുഭാഗം കണ്ടല്‍ മേഖല കൂടിയാണ്. സീസണില്‍ വ്യത്യസ്ത ഇനം പക്ഷികള്‍ സ്ഥിരമായുണ്ടാകുന്ന കേന്ദ്രമാണിത്.  ഇരുനൂറോളം വീടുകളിലെ കുടിവെള്ള സ്രോതസ്സാണ് കാപ്പാടന്‍ കൈപ്പുഴയുടെ ഈ ഭാഗം. വയല്‍ നികത്തുന്നതോടെ ഇതിനടുത്തുള്ള രണ്ട് കുളങ്ങള്‍ അടക്കം വറ്റും. ഇതിലെ ഒരു കുളത്തിലെ വെള്ളം ഉപയോഗിച്ച്് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കുടിവെള്ളപദ്ധതിയുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പാടത്ത് വീണ്ടും കൃഷിയിറക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Advertisements

പാടം നികത്തലിനെതിരെ പഞ്ചായത്ത് അംഗവും ആക്ഷന്‍കമ്മറ്റി ചെയര്‍മാനുമായ പി ടി സോമന്റെയും കണ്‍വീനര്‍ സി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മറ്റി ശക്തമായ പ്രക്ഷോഭത്തിന് തയ്യാറായിരിക്കുകയാണ്. പന്തലായനി ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഇന്ദിരാ വികാസ്, കെഎസ്കെടിയു ജില്ലാ ജോ. സെക്രട്ടറി പി ബാബുരാജ്, സിപിഐ എം ഏരിയാ സെക്രട്ടറി  കെ കെ മുഹമ്മദ് തുടങ്ങിയവരും പാടം നികത്തലിനെതിരെ മുന്നണിയിലുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *