പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭര്‍ത്താവിൻ്റെ പീഡനം കാരണമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കോറോം സ്വദേശി സുനീഷ ആണ് ഭര്‍ത്താവിൻ്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് വിജീഷ് തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് കാണിച്ച് സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശം പുറത്തായതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.
ഭര്‍ത്താവും ബന്ധുക്കളും തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്ന് സുനീഷ സഹോദരനയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. മകള്‍ക്ക് ഭര്‍ത്തൃവീട്ടില്‍ നിരന്തരം മര്‍ദ്ദനം ഏല്ക്കേണ്ടിവരുന്നുണ്ടെന്ന് കാണിച്ച് സുനീഷയുടെ അമ്മ ഓഗസ്റ്റ് അഞ്ചാം തീയതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനനെതുടര്ന്ന് കഴിഞ്ഞയാഴ്ച ഇരു വീട്ടുക്കാരെയും വിളിച്ചുവരുത്തിയ പൊലീസ് ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനു തൊട്ടുപിറകേയാണ് സുനീഷ കുളിമുറിയില്‍ കയറി ജീവനൊടുക്കിയത്.

