പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്ഷമാവുമ്പോഴേയ്ക്കും വിണ്ടുകീറി

കോഴിക്കോട്: ഡല്‍ഹി മെട്രൊ റെയില്‍ കോര്പ്പറേഷന് നിര്‍മിച്ച കോഴിക്കോട്ടെ പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്ഷമാവുമ്പോഴേയ്ക്കും വിണ്ടുകീറി. ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി പാലം ഭാഗികമായി അടക്കുകയാണ് ജനുവരി 29 മുതല്‍. 2016 ഡിസംബര്‍ 18നായിരുന്നു ഉത്സവാന്തരീക്ഷത്തില്‍ പാലത്തിന്റെ ഉദ്ഘാടനം. പ്രധാനമായും മുന്‍സര്‍ക്കാരിന്റെ കാലത്ത് പണിനടന്ന പാലം ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും തുറന്ന വാഹനത്തില്‍ യാത്ര ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പാലം വിണ്ടുകീറിയതോടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുയാണെന്ന് ഡിഎംആര്‍സി അറിയിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 6 വരെ മീഞ്ചന്ത ഭാഗം മുതല്‍ മധ്യഭാഗം വരെ പാലത്തിലൂടെ ഗതാഗതം അനുവദിക്കില്ല. കോഴിക്കോട് ഭാഗത്ത് നിന്നും പയ്യാനക്കല്‍ ഭാഗത്തേക്കും തിരിച്ചും ഗതാഗതം അനുവദിക്കുമെന്ന് ഡെല്‍ഹി മെട്രോറെയില്‍ കോര്പറേഷന് ലിമിറ്റഡ് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

ഫെബ്രുവരി 7 മുതല്‍ 14 വരെ കോഴിക്കോട് ഭാഗം തുടക്കം മുതല്‍ മധ്യഭാഗം വരേയും ഗതാഗതം അനുവദിക്കില്ല. മീഞ്ചന്ത ഭാഗത്ത് നിന്നും പയ്യാനക്കല്‍ ഭാഗത്തേക്കും തിരിച്ചും ഗതാഗതം അനുവദിക്കും. ഫെബ്രുവരി 15 മുതല്‍ 26 വരെ പാലത്തിന്റെ മധ്യഭാഗം മുതല്‍ പയ്യാനക്കല്‍ ഭാഗത്തേക്ക് ഗതാഗതം ഭാഗികമായി ക്രമീകരിക്കും. പാലത്തില്‍ പ്രവൃത്തി നടക്കുമ്ബോള്‍ നാഷണല്‍ ഹൈവേ(കല്ലായി) റോഡിന്റെ ഇരുവശങ്ങളിലെ സര്‍വീസ് റോഡുകളിലൂടെയുള്ള ഗതാഗതത്തിന് തടസ്സം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

