ദമ്പതികളെ ആക്രമിച്ച് വീട്ടിൽ നിന്നും പണവും ആഭരണങ്ങളും കവർന്നു

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ദമ്പതികളെ ആക്രമിച്ച് വീട്ടിൽ നിന്നും പണവും ആഭരണങ്ങളും കവർന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണർത്തി കെട്ടിയിട്ടാണ് അക്രമിസംഘം മോഷണം നടത്തിയത്. തൊടുപുഴ അമ്പലം റോഡിൻ പ്രകാശ് ഗ്രൂപ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം നടത്തിയത്.
ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ബെല്ലടിച്ച് ഉണർത്തിയ സംഘം വീട്ടുകാർ വാതില്‍ തുറന്നതോടെ ഒളിച്ചിരുന്നു. തുടർന്ന് വീട്ടിനുള്ളിലേക്ക് കടന്ന് ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് വായിൽ തുണി തിരുകിയായിരന്നു മോഷണം. സംഘത്തിലെ അംഗങ്ങള്‍ സംസാരിച്ചിരുന്നത് മലയാളമല്ലെന്നും വീട്ടുകാർ പറയുന്നു. സംഘത്തിലുണ്ടായിരുന്ന കുട്ടിയാണ് ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തിയതെന്നാണ് വിവരം.

1.70 ലക്ഷം രൂപ, ബാലചന്ദ്രന്റെ കഴുത്തിലെ മാല, ഭാര്യയുടെ വള മൊബൈൽ ഫോണ്‍, ഐപാഡ് എന്നിവയാണ് സംഘം കവർന്നത്. മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

