KOYILANDY DIARY.COM

The Perfect News Portal

തെങ്ങു കയറ്റത്തിനും പ്രസവ ശുശ്രൂഷയ്ക്കും ആളെ കിട്ടുന്നുണ്ടോ? ഇല്ലെങ്കിൽ…

കോഴിക്കോട്: തെങ്ങു കയറ്റത്തിനും പ്രസവശുശ്രൂഷയ്ക്കും മുതല്‍ കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണിക്കുവരെ ആളുകളെക്കിട്ടും ഇവിടെ. 24 വിഭാഗങ്ങളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍. ആവശ്യമുള്ളവര്‍ക്ക് വിളിപ്പുറത്താണ് ഇവരുടെ സേവനം.

കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് തൊഴിലാളികളുടെ സാമൂഹികപദവി ഉയര്‍ത്തുന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏഴു വര്‍ഷം പിന്നിട്ടു. അഞ്ഞൂറിലേറെ തൊഴിലുടമകളാണ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010 ഒക്ടോബര്‍ ഒന്നിനാണ് ജില്ലാ ഭരണകൂടം പദ്ധതി തുടങ്ങിയത്.

തൊഴിലാളിക്ക് ന്യായമായ കൂലി, ഇന്‍ഷുറന്‍സ് പരിരക്ഷ, സ്ഥിരമായി ജോലി കിട്ടുമെന്ന ഉറപ്പ്, വിദഗ്ധ പരിശീലനം.
തൊഴിലുടമയ്ക്കാകട്ടെ, ഉത്തരവാദിത്വത്തോടെ ജോലിചെയ്യാന്‍ ആവശ്യമുള്ളപ്പോള്‍ വിദഗ്ധരായ ആളുകളെ കിട്ടുന്നു. കഴുത്തറുപ്പന്‍ കൂലി നല്‍കേണ്ട. ജോലിക്കാരെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ പരിഹരിക്കപ്പെടുമെന്ന ആശ്വാസവുമുണ്ട്.

Advertisements

തൊഴിലാളികളെ ആവശ്യമുള്ളവര്‍ സൊസൈറ്റിയെ ഫോണില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭിക്കും. കൂലിക്കു പുറമെ തൊഴിലാളികളുടെ ഇന്‍ഷുറന്‍സിലേക്ക് മാസം 400 രൂപയോ ദിവസം 25 രൂപയോ അടയ്ക്കണം.

തൊഴിലുകള്‍ ഏതൊക്കെ
ആശാരി, ഇലക്‌ട്രീഷ്യന്‍, എ.സി. മെക്കാനിക്ക്, തെങ്ങുകയറ്റം, ഗ്യാസ് സ്റ്റൗ റിപ്പയര്‍, പ്ലംബര്‍, കല്‍പ്പണി, പുല്ല്വെട്ട്, വെല്‍ഡര്‍, പെയിന്റര്‍, തോട്ടപ്പണി, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, അലുമിനിയം ഫാബ്രിക്കേഷന്‍, മരംമുറി, പ്രസവാനന്തര ശുശ്രൂഷ, പറമ്പ് കിളക്കല്‍, ടൈല്‍സ് പണി, ടോയ്ലറ്റ് ബ്ലോക്ക് റിമൂവര്‍, കമ്പ്യൂട്ടര്‍ റിപ്പയര്‍, മോട്ടോര്‍ വൈന്‍ഡര്‍, ഫൈബര്‍ ഡോര്‍ ഫിറ്റര്‍, വാഷിങ് മെഷീന്‍ റിപ്പയര്‍, ടി.വി. മെക്കാനിക്ക്, ഓട് ചെത്തിക്കെട്ട്.

10.92 ലക്ഷം രൂപവരെ നഷ്ടപരിഹാരം
ജോലിക്കിടെ അപകടമുണ്ടായാല്‍ തൊഴിലാളിക്ക് 10.92 ലക്ഷം രൂപവരെ നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതി. പ്രായവും അപകടത്തിന്റെ സ്വഭാവവും നോക്കിയാണ് തുക നിശ്ചയിക്കുക. 18 മുതല്‍ 60 വയസ്സുവരെയുള്ള തൊഴിലാളികളാണ് ഇതിന്റെ പരിധിയില്‍ വരിക. 60 വയസ്സുള്ളയാള്‍ക്ക് 1.20 ലക്ഷം രൂപയും 18 വയസ്സുള്ളയാള്‍ക്ക് 10.92 ലക്ഷം രൂപയുമാണ് പരമാവധി കിട്ടുക. സ്ഥിരമായ അംഗവൈകല്യത്തിന് 4000 രൂപ വീതം 60 മാസം ലഭിക്കും. ഒരു ലക്ഷം രൂപവരെ ചികിത്സച്ചെലവും നല്‍കും.

Share news

Leave a Reply

Your email address will not be published. Required fields are marked *