തളിർ ജൈവഗ്രാമം ഇത്തവണ രംഗത്തെത്തുന്നത് കൃഷിപ്പുരയുമായി

കൊയിലാണ്ടി: പരിസ്ഥിതി സൗഹൃദ ഇടപെടലുകളിലൂടെ പ്രശസ്തമായ മന്ദമംഗലത്തെ തളിർ ജൈവഗ്രാമം ഇത്തവണ രംഗത്തെത്തുന്നത് കൃഷിപ്പുരയുമായി. ഗ്രാമത്തിലെ 400 വീടുകളിലും കൃഷി ചെയ്യുന്ന പദ്ധതിയാണിത്. കൃഷിക്കാവശ്യമായ വിത്തുകളും വേണ്ട നിർദ്ദേശങ്ങളും തളിർ ജൈവഗ്രാമം പ്രത്യേകം നിയോഗിച്ച കാർഷിക കമ്മിറ്റി വീടുകൾക്ക് നൽകും. മികച്ച കൃഷിയൊരുക്കുന്ന വീടുകൾക്ക് പ്രത്യേക പുരസ്കാരം നൽകാനും തീരുമാനമുണ്ട്.
വിഷുവിന് വിളവെടുക്കാൻ കണക്കാക്കി വീട്ടിലൊരു കണി വെള്ളരിത്തോട്ടവും ഒരുക്കും. ആറു തരം വിത്തുകളാണ് വീടുകളിൽ വിതരണം ചെയ്തത്. ഈ മാസം 26 ന് എല്ലാ വീടുകളിലും നടീൽ ഉത്സവവും നടക്കും.

മന്ദമംഗലത്ത് നടന്ന ചടങ്ങിൽ വെച്ച് കെ.ദാസൻ എം.എൽ.എ വിത്തു വിതരണം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷാജി, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, എ.പി സുധീഷ്, കെ.പി അനീഷ് എന്നിവർ നേതൃത്വം നൽകി.

