KOYILANDY DIARY.COM

The Perfect News Portal

ജല സംരക്ഷണത്തിന് ആകാശ ഗംഗ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

കോഴിക്കോട് > ജല സംരക്ഷണത്തിന് ആകാശ ഗംഗ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. മഴവെള്ളം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നും ശേഖരിച്ച് അരിച്ച് കിണറുകളില്‍ ശേഖരിക്കുന്ന പദ്ധതിയാണ് ആകാശഗംഗ.  ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതിയായി ജില്ലയില്‍ 50,000 വീടുകളില്‍ ഇത് നടപ്പാക്കും. അടുത്ത മഴക്കാലത്തെ സ്വാഗതംചെയ്യാന്‍ മഴ ഉത്സവവും സംഘടിപ്പിക്കും. ഉല്‍പ്പാദന കാര്‍ഷിക മേഖലകള്‍ക്കും ഊന്നല്‍ നല്‍കുന്ന 2017-18 വര്‍ഷത്തെ ബജറ്റിന് ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കി.

നവകേരള സൃഷ്ടിക്കായി പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരള മിഷന്‍, ആര്‍ദ്രം മിഷന്‍, വിദ്യാഭ്യാസ സംരക്ഷണ മിഷന്‍, ലൈഫ് മിഷന്‍ എന്നിവയ്ക്ക് ശക്തിപകരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.

117,58,24,894 രൂപ വരവും 116,69,66,400 രൂപ ചെലവും 88,58,494 രൂപ മിച്ചവും കണക്കാക്കുന്ന 2017-18 വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്. 110,99,58,000 രൂപ വരവും 1,57,53,894 രൂപ മിച്ചവുമുള്ള 2016-17 വര്‍ഷത്തെ പുതുക്കിയ ബജറ്റും അവതരിപ്പിച്ചു. പൊതുഭരണത്തിന് 3.38 കോടി രൂപ വകയിരുത്തി. വിഭാഗം, വകയിരുത്തിയ തുക ക്രമത്തില്‍: കൃഷിക്കും അനുബന്ധ മേഖല- 8.99 കോടി രൂപ, മൃഗസംരക്ഷണം- 2.06 കോടി, പ്രാദേശിക സാമ്പത്തിക വികസനം-5.90 കോടി, മത്സ്യബന്ധനം- 50 ലക്ഷം, ദാരിദ്യ്ര ലഘൂകരണം, പാര്‍പ്പിടം- 5.63 കോടി, സാമൂഹ്യനീതി-4.39 കോടി, പട്ടികജാതി വികസനം-രണ്ടു കോടി, പട്ടിക വര്‍ഗ വികസനം-35 ലക്ഷം, വനിതാ വികസനം-64 ലക്ഷം, ആരോഗ്യം- 8.36 കോടി, കുടിവെള്ളം, ശുചിത്വം- 4.94 കോടി, വിദ്യാഭ്യാസം-6.83 കോടി, പൊതുമരാമത്ത് രംഗം-62.73 കോടി.

Advertisements

പകല്‍ 10.45ന് വൈസ് പ്രസിഡന്റാണ് ബജറ്റ് അവതരിപ്പിച്ചത്. 11.15ന് ചര്‍ച്ച തുടങ്ങി. ഇരു മുന്നണികളില്‍ നിന്നുമായി രണ്ട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടക്കം 15 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 12.40ന് വൈസ് പ്രസിഡന്റും തുടര്‍ന്ന് പ്രസിഡന്റും മറുപടി പറഞ്ഞു. ഇതോടെ അംഗങ്ങള്‍ കൈയടിച്ച് ഐകകണ്ഠ്യേന ബജറ്റ് അംഗീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *