KOYILANDY DIARY

The Perfect News Portal

കുറ്റവാളികള്‍ എത്ര പ്രബലരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം > സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റവാളികള്‍ എത്ര പ്രബലരും സ്വാധീനമുള്ളവരുമായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോ ബാങ്ക് ടവേഴ്സില്‍ മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വന്നതോടെ കുഞ്ഞുങ്ങളും രക്ഷിതാക്കളും പരാതി ഉന്നയിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. അതിന്റെ ഫലമായി കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍ എണ്ണം കൂടുന്നുവെന്ന അങ്കലാപ്പ് വേണ്ട. സമൂഹത്തിലെ പുഴുക്കുത്തുകളെ ശരിയായ രീതിയില്‍ തന്നെ കൈകാര്യം ചെയ്യും.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മാത്രമായി പ്രത്യേക വകുപ്പ് ഉടനെ നിലവില്‍ വരും. വിവിധ തൊഴില്‍ മേഖലയില്‍ സ്ത്രീപ്രാതിനിധ്യം കൂട്ടാനുള്ള നടപടി സ്വീകരിച്ചുവരുന്നു. പൊലീസ് സേനയില്‍ പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കുകയാണ്. പൊലീസ് സേനയിലെ വനിതാ സാന്നിധ്യം 15 ശതമാനത്തിലേക്ക് ഉയര്‍ത്തും. പിന്നീട് ഇത് 50 ശതമാനമാക്കും.

Advertisements

കുഞ്ഞുങ്ങള്‍ക്കും കൌമാരത്തിലുള്ളവര്‍ക്കും സ്ത്രീകള്‍ക്കും നേരെയുണ്ടാകുന്ന ചില വൈകൃതങ്ങള്‍ കേള്‍ക്കുമ്പോള്‍ അപമാനം തോന്നുന്നു. ഇതൊരു സാമൂഹ്യപ്രശ്നമായി കാണണം. സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകള്‍ ഒറ്റയ്ക്കും കൂട്ടായും പ്രശ്നം ഏറ്റെടുക്കണം. സംഭവമുണ്ടായ ശേഷം മാത്രമല്ല, സാമൂഹ്യ അവബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തും. വനിതാ വികസന കോര്‍പറേഷന്‍ പോലുള്ളവയും മുന്‍കൈയെടുക്കണമെന്നും  മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.

 

Leave a Reply

Your email address will not be published. Required fields are marked *