ജനനായകന്റെ ഛായാചിത്രം ജീവിത വഴിത്താരകളിയൂടെ കടന്നുപോഴപ്പോൾ

കണ്ണൂര്‍> ഈ ഛായാപടങ്ങളില്‍ നാട്ടുമ്പുറത്തുനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വളര്‍ന്ന ജനനായകന്റെ ജീവിതഘട്ടങ്ങളുണ്ട്. അതിലുപരി ജനതയുടെ വിമോചനത്തിനായി പടനയിച്ച പ്രസ്ഥാനത്തിന്റെ നാള്‍വഴിയുമുണ്ട്. തലശേരി– അഞ്ചരക്കണ്ടി റൂട്ടില്‍ പാണ്ട്യാലമുക്കിലെ നീളന്‍ ചുറ്റുമതിലിലാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന് വോട്ടഭ്യര്‍ഥിച്ച് വ്യത്യസ്തമായ പോസ്റ്റുകള്‍ പതിച്ചത്. പുതുതലമുറയ്ക്ക് ഭൂതകാലത്തിന്റെ ത്യാഗപൂര്‍ണമായ ഏടുകള്‍ തുറന്നുകാട്ടുകയാണ് ഈ സ്മൃതിശേഖരം.
പിണറായി വിജയന്റെ ജീവിതത്തിലെ വ്യത്യസ്ത മുഹൂര്‍ത്തങ്ങളാണ് ഇവയില്‍. തലശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ മുതല്‍ പ്രദര്‍ശനത്തിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മൈക്കില്ലാതെ എ കെ ജി പ്രസംഗിക്കുമ്പോള്‍ അടുത്തു നില്ക്കുന്ന പിണറായിയുടെ ചിത്രം പ്രതിഷേധ തീക്ഷ്ണമായ ഘട്ടം ഓര്‍മിപ്പിക്കുന്നു. ഇ എം എസ്, എ കെ ജി, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ഇ കെ നായനാര്‍, സി കണ്ണന് തുടങ്ങിയ അതികായര്‍ക്കൊപ്പമുള്ള ഫോട്ടോകളുമുണ്ട്.

നാടിന്റെ വികസനത്തിന് നാഴികക്കല്ലായ സംരംഭങ്ങളും കാഴ്ചക്കാരിലെത്തുന്നു. ക്ളബ്ബുകള്‍, വായനശാലകള്‍, ദേശാഭിമാനി എന്നിവിടങ്ങളില്‍നിന്നും പിണറായി വിജയന്റെ സ്വകാര്യശേഖരത്തില്നിന്നുമാണ് ഇവ ശേഖരിച്ചത്. 300 മീറ്റര്‍ നീളത്തില്‍ 56 ബോര്‍ഡുകളിലാണ് ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചത്.

