ചന്ദ്രബോസ് വധക്കേസ്: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ ജീവപര്യന്തത്തിനും 24 വര്‍ഷം തടവിനും ശിക്ഷിച്ചു. പ്രത്യേക കോടതി ജഡ്ജി കെ പി സുധീര്‍ ആണ് ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിച്ച കോടതി 80.3 രൂപ പിഴ ഇടാക്കാനും വിധിച്ചു. പിഴയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം. കള്ള സാക്ഷി പറഞ്ഞ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 326 (മാരകമായി മുറിവേല്‍പ്പിക്കല്‍), 506 (1) (വധ ഭീഷണി), 324 (പരിക്കേല്‍പ്പിക്കല്‍), 323 (മര്‍ദനം), 427 (സാമഗ്രികള്‍ നശിപ്പിക്കല്‍), 447 (അതിക്രമിച്ചുകടക്കല്‍) എന്നീ 7 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണം

ചന്ദ്രബോസ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. ഭാര്യയും വൃദ്ധയായ അമ്മയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമുള്ള ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ പ്രതിയില്‍നിന്ന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവുണ്ടാവണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു.

2015 ജനുവരി 29നു പുലര്‍ച്ചെ തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ഡ്യൂട്ടിയിലായിരുന്ന കാരമുക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിനെ (50) ശോഭാ സിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാം (40), ഗേറ്റ് തുറന്നുകൊടുക്കാന്‍ താമസിച്ചതിന്റെ പേരില്‍ ആക്രമിക്കുകയും ദേഹത്ത് ഹമ്മര്‍ കാറിടിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. ബിസിനസുകാരനായ തന്നെ ആശ്രയിച്ച് വീട്ടുകാരടക്കം ഒരു പാടുപേര്‍ ജീവിക്കുന്നുണ്ടെന്നും ശിക്ഷയില്‍ പരമാവധി ഇളവു നല്‍കണമെന്നും നിസാം പറഞ്ഞു.

