കോഴിക്കോട് ഇനി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത നഗരം

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്‍ ഇനി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത നഗരം. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുന്നതിനും പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനം തടയുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനെ സമ്പൂര്‍ണ പരസ്യ വിസര്‍ജനരഹിത നഗരമായി (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ) പ്രഖ്യാപിച്ചു. ടൌണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനം നിര്‍വഹിച്ചു.
കോര്‍പറേഷന്‍ പരിധിയില്‍ 1,503 കക്കൂസുകളാണ് നിര്‍മിച്ചത്. കേന്ദ്ര വിഹിതമായി നാലായിരം രൂപയും സംസ്ഥാന വിഹിതമായി 1,333 രൂപയും കോര്‍പറേഷന്‍ വിഹിതമായി 10067 രൂപയും അടക്കം ഒരു ഗാര്‍ഹിക കക്കൂസിന് ആകെ 15400 രൂപയാണ് സഹായം. പദ്ധതിയുടെ ഭാഗമായി കുണ്ടായിത്തോട് ചേരി, കപ്പക്കല്‍ ചേരി, ശാന്തിനഗര്‍ കോളനി, വെസ്റ്റ്ഹില്‍, ചക്കുംകടവ് കോളനി, പയ്യാനക്കല്‍ കോളനി, സിഡിഎ കോളനി, കല്ലുത്താന്‍ കടവ് കോളനി, കോട്ടൂളി ജങ്ഷന്‍, കനോലി കനാലിന് സമീപം എന്നിവിടങ്ങളില്‍ കമ്യൂണിറ്റി ടോയ്ലെറ്റുകള്‍ നിര്‍മിക്കും.

ഒരു യൂണിറ്റിന് 65,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേന്ദ്ര സഹായമായി 26,000 രൂപയും സംസ്ഥാന വിഹിതമായി 8,667 രൂപയും കോര്‍പറേഷന്‍ വിഹിതമായി 30,333 രൂപയും ലഭിക്കും. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യ ശേഖരണത്തിനായി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കും. വെസ്റ്റ്ഹില്ലിലെ പ്ളാസ്റ്റിക്ക് റീസൈക്ളിങ് കേന്ദ്രം, നല്ലളത്തെ ട്രഞ്ചിങ് ഗ്രൌണ്ട്, ബേപ്പൂര്‍ സോണല്‍ പരിസരം എന്നിവിടങ്ങളിലാണ് സെന്റര്‍ സ്ഥാപിക്കുക.

ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. മാലിന്യ നിര്‍മാര്‍ജന–ശുചിത്വ ബോധവത്കരണത്തിനായി ശുചിത്വഭൂമി എന്ന പേരില്‍ കോര്‍പറേഷന്‍ തയ്യാറാക്കിയ ടെലിഫിലിമും കോര്‍പറേഷന്റെ പൌരാവകാശ രേഖയും വി കെ സി മമ്മദ്കോയ എംഎല്‍എ പ്രകാശനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം രാധാകൃഷ്ണന്‍, ടി വി ലളിതപ്രഭ, അനിതാരാജന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍, സി അബ്ദുറഹിമാന്‍, നമ്പിടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

സ്വച്ഛ് ഭാരത് മിഷന്‍ നോഡല്‍ ഓഫീസര്‍ എം. വി റംസി ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ വി ബാബുരാജ് സ്വാഗതവും ടി പി സതീശന്‍ നന്ദിയും പറഞ്ഞു.
