KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കാണ് രോഗബാധ. ചൈനയില്‍ നിന്നു തിരിച്ചത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. രോഗിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച്‌ രോഗബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു.റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തലസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചു. യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.

Advertisements

കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍

* ചൈനയിലേക്ക് ആരും പോകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

* ചൈനയിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ ആരോഗ്യനില പരിശോധിക്കണം.

* പുണെ, ആലപ്പുഴ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പരിശോധനാസംവിധാനം സജ്ജം.

* ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവരവിനിമയ കേന്ദ്രം തുറന്നു. 011-23978046 ആണ് നമ്ബര്‍.

* കേന്ദ്ര ആരോഗ്യമന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ ബുധനാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി ചര്‍ച്ചനടത്തി.

* നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

* വിമാനത്താവളങ്ങളില്‍ ആംബുലന്‍സുകള്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കി.

* ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങളും മുഖാവരണങ്ങളും തയ്യാറാണ്. ഇതേക്കുറിച്ചുള്ള കണക്കുകള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *