കുട്ടികളിൽ തക്കാളിപ്പനി വർധിക്കുന്നു

കോഴിക്കോട്: കുട്ടികളിൽ തക്കാളിപ്പനി വർധിക്കുന്നു. കാലാവസ്ഥ മാറിമറിഞ്ഞതിനു പിന്നാലെ കുട്ടികളിൽ വൈറസ് രോഗമായ തക്കാളിപ്പനി വർധിക്കുന്നു. ഒരു മാസത്തിനിടെ തക്കാളിപ്പനി ബാധിച്ച് മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയ്ക്ക് എത്തുന്നവർ പെരുകി. പത്ത് വയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം വ്യാപകം. ‘ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്’ എന്ന പേരിൽ അറിയപ്പെടുന്ന രോഗബാധയുടെ പ്രകടമായ ലക്ഷണം ശരീരത്തിൽ ചുമന്ന കുമിളകൾ, പനി, ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയാണ്. കൈയിലും കാലിലും വായിലുമാണ് കുമിളയുണ്ടാവുക. പൊട്ടുമ്പോൾ അസഹ്യമായ വേദനയും അസ്വസ്ഥതയുമാണ്.

തൊലിപ്പുറത്ത് ചൊറിച്ചിലാണ് ആദ്യലക്ഷണം. ചെറിയ കുമിളകൾ പൊന്തിവരുവാനും തുടങ്ങും. ഈ കുമിളകൾ തക്കാളി പോലിരിക്കുന്നതിനാലാണ് ഈ പേരുവന്നത്. മറ്റ് പകർച്ചവ്യാധികളെപ്പോലെ അപകടകാരിയല്ലെങ്കിലും നടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവും. മൂന്നുമുതൽ ആറുദിവസത്തിനകം ഭേദമാകുമെങ്കിലും ചൊറിച്ചിൽ, വിട്ടുമാറാത്ത കഫക്കെട്ട് എന്നിവയുണ്ടെങ്കിൽ ചികിത്സ തേടണം. രോഗസമയത്ത് നിർജലീകരണം നടക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കണം. കുമിള പൊട്ടാതെ നോക്കണം. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും പച്ചമഞ്ഞളും ആര്യവേപ്പിലയും ചേർത്തരച്ച് ദേഹത്ത് പുരട്ടുന്നതും നല്ലതാണ്.


