കുടിവെള്ള സ്രോതസ്സ് ഇല്ലാതാക്കി അശാസ്ത്രീയമായി ബസ്സ് സ്റ്റോപ്പ് പണിയാൻ നീക്കം

കൊയിലാണ്ടി: ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി അശാസ്ത്രീയമായ രീതിയിൽ പുന:നിർമ്മിക്കാനുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയരുന്നു. ഉള്ള്യേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ കുറുവങ്ങാട് മാവിൻ ചുവട് ബസ്സ് സ്റ്റോപ്പാണ് പുന:നിർമ്മാണത്തിനായി മാസങ്ങൾക്ക് മുമ്പെ പൊളിച്ചു നീക്കിയത്.
കൊയിലാണ്ടി നഗരസഭയിലെ 27-ാം ഡിവിഷനിൽപ്പെടുന്നതാണ് ഈ കാത്തിരിപ്പ് കേന്ദ്രം. ഇതിന് തൊട്ടടുത്തു തന്നെ കാലപ്പഴക്കത്താൽ ജീർണ്ണിച്ച് ഉപയോഗശൂന്യമായ പൊതു കിണറും സ്ഥിതി ചെയ്യുന്നു. ഏറെ കാലം സമീപവാസികളുടെയും കച്ചവടക്കാരുടെയും കുടിവെള്ള സ്രോതസ്സുകൂടിയായിരുന്നു ഈ പൊതുകിണർ. യഥാസമയം അറ്റകുറ്റപണിയോ ശുചീകരണമോ നടത്താത്തത് കാരണം കിണറിലെ വെള്ളം മലിനമാവുകയായിരുന്നു. അടിഭാഗത്തെ പടവുകൾ പലതും ഇടിഞ്ഞ് താഴ്ന്ന് ഏത് സമയവും അപകടം പതിയിരിക്കുന്ന നിലയിലാണ് കിണർ.

പൊളിച്ചുനീക്കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള ഈ കിണറിന് മീതെയാണ് മാസങ്ങക്ക് മുമ്പ് അധികൃതർ പുതിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള നടപടി ആരംഭിച്ചത്. പതിനഞ്ച് കോൽ ഉപരി ആഴമുള്ള കിണർ നികത്തുക പോലും ചെയ്യാതെ നാല് ഭാഗവും പില്ലറുകൾ ഉറപ്പിച്ച് കിണറിന്റെ ഉപരിതലത്തിൽ കോൺക്രീറ്റ് വിതാനിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്ലാറ്റ്ഫോം പണിയാനാണ് അധികൃതർ കരാറുകാരന് നൽകിയ നിർദ്ദേശം. ഇതനുസരിച്ച് കരാറുകാരൻ നിർമ്മാണ പ്രവൃത്തി ആരംഭിച്ചതോടെയാണ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സുരക്ഷിതാവസ്ഥയുടെ അപര്യാപ്തയെക്കുറിച്ചും ജല സ്രോതസ്സായ കിണറിന്റെ നിലനില്പിനെക്കുറിച്ചും നാട്ടുകാരായ പരിസ്ഥിതി സ്നേഹികളിൽ ആശങ്കയുയർന്നത്.

തുടർന്ന് പരാതി ഉയർന്നതോടെ പ്രവൃത്തി പാതിവഴിയിൽ നിർത്തുകയുമായിരുന്നു. ഇതോടെ ഇരിക്കാനൊ നിൽക്കാനൊ ഇടമില്ലാതെ വെയിലും മഴയും താണ്ടി യാത്രക്കാരും പെരുവഴിയിലായി. പ്രദേശം കടുത്ത വരൾച്ചയിലേക്കും കുടിവെളളക്ഷാമത്തിലേക്കും നീങ്ങുമ്പോൾ കിണറുകൾ പോലുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന് പകരം നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന രീതിയിൽ നഗരസഭാധികൃതർ നടത്തുന്ന ഇത്തരം അശാസ്ത്രീയ നടപടികൾക്കെതിരെ പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകരിൽ കടുത്ത പ്രതിഷേധമാണുയരുന്നത്.

