കഥകളി രംഗത്തെ വിസ്മയമായ ഗുരുവിനെ കാണാൻ നിക്ക് ഉട്ട് എത്തി

കൊയിലാണ്ടി: ലോകപ്രശസ്ത യുദ്ധ ഫോട്ടോഗ്രാഫറും പുലിറ്റ്സർ പുരസ്കാര ജേതാവുമായ നിക്ക് ഉട്ട് ഒരു
നൂറ്റാണ്ടിന്റെ ആയുസ്സ് പിന്നിടുന്ന കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ കാണാൻ ചേമഞ്ചേരിയിലെത്തി.
ഞായറാഴ്ച വൈകീട്ട് 4.30- ഓടെയാണ് ഗുരുവിനെ തേടി നിക്ക് ഉട്ട് ചേലിയയിലെ വീട്ടിലെത്തിയത്. നിക് ഉട്ടിന്റെ സന്ദർശന വിവരം അറിഞ്ഞ് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ചേലിയയിലെ വീട്ടിലെത്തിയത്. കഥകളി രംഗത്തെ വിസ്മയമായ ഗുരുവിനെ നിറപുഞ്ചിരിയോടെ ആശ്ലേഷിച്ച നിക് ഉട്ട് ഏറെ നേരം ഗുരുവിന് സമീപം ചിലവഴിച്ചു.

നൂറായുസ്സ് പിന്നിട്ടിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെ കഥകളി അരങ്ങത്ത് സജീവമായ ഗുരുവിന്റെ ആരോഗ്യത്തെ പ്പറ്റിയും അദ്ദേഹം ആരാഞ്ഞു. നിക്ക് ഉട്ടിന് വേണ്ടി ഗുരു കഥകളിമുദ്രകൾ അവതരിപ്പിച്ചു. നിക് ഉട്ട് അത്യന്തം ആവേശത്തോടെ മുദ്രകൾ തന്റെ ക്യാമറയിൽ പകർത്തി. ഏറെ കൗതുത്തോടെ ഗരുവിന്റെ നവരസങ്ങൾ ക്യാമറ ഫ്രെയിമിൽ ഒപ്പിയെടുത്തു കൊണ്ടിരുന്ന നിക് ഉട്ടിന്റെ വശ്യതയാർന്ന പുഞ്ചിരി ഒപ്പിയെടുക്കാൻ ചുറ്റും കൂടിയ മാധ്യമ ഫോട്ടോഗ്രാഫർമാർ മത്സരിക്കുകയായിരുന്നു. ഗുരുവുമൊത്തുള്ള അപൂർവ്വ നിമിഷങ്ങളെ ആകാവുന്നിടത്തോളം ക്യാമറയിൽ ഒപ്പിയെടുത്ത നിക് ആചാര്യന്റെ അനുഗ്രഹം വാങ്ങാനും മറന്നില്ല.

