ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കി വാട്ടര്‍ അതോറിറ്റി
ഗുരുവായൂര്‍: വയോധികയുടെ സമരവീര്യത്തിന് മുന്നില്‍ വാട്ടര്‍ അതോറിറ്റി മുട്ടുമടക്കി. ഒരുമനയൂര്‍ അമ്പലത്താഴത്ത് പങ്കജവിലാസത്തില്‍ പരേതനായ നടരാജ പിള്ളയുടെ ഭാര്യ പങ്കജവല്ലിയാണ് ഒറ്റയാള്‍പോരാട്ടം നടത്തിയത്. ഒരാഴ്ചയിലധികമായി കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തനിച്ച് താമസിക്കുന്ന വയോധിക വീട്ടമ്മ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ പായ് വിരിച്ചിരുന്ന് പ്രതിഷേധിച്ചത്. വീട്ടിലേക്ക് വെള്ളം ലഭിച്ചാലല്ലാതെ പ്രതിഷേധം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സമരത്തിനെത്തിയത്.
എട്ടു ദിവസമായി തെന്റ വീട്ടില്‍ വെള്ളം വരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തെ വെള്ളക്കരം മുന്‍കൂര്‍ അടച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. വീടിെന്റ പരിസരം കണ്ടെയ്ന്മെന്റ് സോണായതിനാല്‍ കുടിവെള്ളം ലഭിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല. വര്‍ഷങ്ങളായി രാവിലെയും വൈകീട്ടും മാത്രമായാണ് വെള്ളം ലഭിച്ചിരുന്നത്. ഇപ്പോള്‍ അതും നിലച്ചു. പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് താന്‍ ഓഫിസിന് മുന്നില്‍ പായ് വിരിച്ച് ഇരിക്കുന്നതെന്നും വ്യക്തമാക്കി.

പ്രതിഷേധമറിഞ്ഞ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ വാട്ടര്‍ അതോറിറ്റിയിലെത്തി ഇവര്‍ക്ക് വെള്ളം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ചായപോലും കുടിക്കാന്‍ തയാറാകാതെ വീട്ടമ്മ കുത്തിയിരിപ്പ് തുടര്‍ന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രശ്നം പരിഹരിക്കാന്‍ നെട്ടോട്ടമായി. വൈകീട്ട് അഞ്ചിന് ഓഫിസ് സമയം അവസാനിക്കാറായപ്പോള്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പങ്കജവല്ലി സമരം അവസാനിപ്പിച്ചില്ല. പൈപ്പ് ഉടന്‍ ശരിയാക്കുമെന്ന ഉറപ്പിലും പിന്‍വാങ്ങിയില്ല. ഒടുവില്‍ തകരാര്‍ പരിഹരിച്ച് വീട്ടിലേക്ക് വെള്ളം എത്തിത്തുടങ്ങിയെന്ന് വൈകീട്ട് 6.30ഓടെ ഉറപ്പാക്കിയശേഷമാണ് സമരം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങിയത്.

