എഎസ്ഐയുടെ വീട് ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

ചവറ: എഎസ്ഐയുടെ വീട് ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കാവനാട് മുക്കാട് ഡാനിഷ് ഭവനില്‍ ഡാനിഷ് ജോര്‍ജ് (34), ചവറ മുകുന്ദപുരം പുത്തന്‍കാവില്‍ കിഴക്കതില്‍ പ്രമോദ് (24), പന്മന ചിറ്റൂര്‍ മൈക്കാത്തറ പടിഞ്ഞാറ്റതില്‍ മനു (34) എന്നിവരെയാണ് തെക്കുംഭാഗം സിഐ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി കൊച്ചനി ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണ്.
പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ചവറ പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദിന്റെ ചവറ തെക്കുംഭാഗം വീട്ടിലെത്തിയാണ് പ്രതികള്‍ അതിക്രമം കാട്ടിയത്. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കാറിലെത്തിയ ആറംഗ സംഘം മാരകായുധങ്ങളുമായി എത്തി ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിനോദിന്റെ ഭാര്യയും അമ്മയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു.

വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം കതകില്‍ വാളുകൊണ്ട് വെട്ടുകയും കസേരകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. എഎസ്ഐയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവത്തിന് തൊട്ടു മുമ്പ് ചവറ സ്വദേശി കൊച്ചനി വിനോദിന്റെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

