എം.ടി. വാസുദേവൻനായരെ അധിക്ഷേപിച്ച് ബി.ജെ.പി. ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുന്നു
തിരുവനന്തപുരം > നോട്ട് നിരോധനത്തോട് വിയോജിച്ച എം ടി വാസുദേവന്‍നായരെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി ആര്‍എസ്എസ് ശക്തികള്‍ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നോട്ട് അസാധുവാക്കലില്‍ തെളിയുന്നത് മോഡിയുടെ അരാജകത്വ ഭരണനയമാണ്. സാമാന്യബുദ്ധിയും ദേശക്കൂറുമുള്ള ആരും അതിനോട് വിയോജിക്കും. ജ്ഞാനപീഠജേതാവായ എം ടി അത് ചെയ്തത് മഹാ അപരാധമായി എന്നവിധത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രതികരണവും എംടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രാകൃത നടപടിയാണ്. നോട്ട് നിരോധനത്തെപ്പറ്റി പ്രതികരിക്കാന്‍ എംടി ആരെന്ന ബിജെപി നേതാക്കളുടെ ചോദ്യം അസംബന്ധമാണ്. ഇത്തരം വിഷയങ്ങളില്‍ മറ്റാരേക്കാളും അഭിപ്രായം പറയാനുള്ള അര്‍ഹതയും അവകാശവും മഹാസാഹിത്യകാരനായ എം.ടിക്കുണ്ട്. ബി.ജെ.പി വരയ്ക്കുന്ന വരയില്‍ നടക്കണമെന്നും സംഘപരിവാര്‍ കുറിക്കുന്ന ലക്ഷ്മണരേഖ കടക്കരുതെന്നും കല്‍പിച്ചാല്‍ അത് നടപ്പാക്കാനുള്ള വെള്ളരിക്കാപട്ടണമല്ല ഇന്ത്യ.
‘നാലുകെട്ടുകാരന്‍’ ഇനി പാകിസ്ഥാനില്‍ താമസിക്കുന്നതാണ് നല്ലതെന്ന് ചില സംഘപരിവാറുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത് സംസ്കാരസമ്പന്നമായ ഇന്ത്യയ്ക്കാകെ അപമാനകരമാണെന്നും കോടിയേരി പറഞ്ഞു.
എം ടി ഇന്ത്യയ്ക്ക് അഭിമാനമായ സാഹിത്യകാരമാണ്. ബിജെപിയുടെയും മോഡിയുടെയും കുഴലൂത്തുകാരാകാത്ത എഴുത്തുകാര്‍ പിറന്നമണ്ണില്‍ ജീവിക്കണ്ടായെന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ ഫാസിസമാണ്. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിനിടയില്‍ നാലുകെട്ടുകളില്‍ സംഭവിച്ച ജീവിത തകര്‍ച്ച അടയാളപ്പെടുത്തുന്ന കൃതിയാണ് എം.ടിയുടെ മാസ്റ്റര്‍പീസായ ‘നാലുകെട്ട്’. നോട്ട് അസാധുവാക്കലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച എം.ടി സാധാരണ ജനങ്ങളുടെ വികാര.വിചാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് ചെയ്തത്. എം.ടി.ക്കെതിരെ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ഉറഞ്ഞുതുള്ളല്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യ.ശക്തികള്‍ ശബ്ദമുയര്‍ത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.