ഇരിങ്ങൽ കരകൗശല ഗ്രാമത്തിന് തപാൽ വകുപ്പിൻ്റെ ആദരം
പയ്യോളി: ഇരിങ്ങൽ സർഗാലയ കേരള കലാ-കരകൗശല ഗ്രാമത്തിന് തപാൽവകുപ്പിൻ്റെ ആദരം. ദേശീയ, അന്തർ ദേശീയ അംഗീകാരങ്ങളോടെ പത്തുവർഷം പൂർത്തിയാക്കിയതിനുള്ള ബഹുമതിയായാണ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത്. സർഗാലയ പിന്നിട്ട 10 വർഷം കവറിൽ സുവർണകാലമായി അടയാളപ്പെടുത്തിയിരിക്കുന്നു. കരവിരുതിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന ലോകവും ആലേഖനം ചെയ്തിട്ടുണ്ട്. 2016-ൽ ഇന്ത്യയിലെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിയായി ഇന്ത്യാ ഗവൺമെന്റ് സർഗാലയയെ തിരഞ്ഞെടുത്തു. 2017-ൽ കേരള ടൂറിസം സംസ്ഥാനത്തെ എറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായും തിരഞ്ഞെടുത്തു. കൂടാതെ, 2016-ൽ സൗത്ത് എഷ്യൻ ട്രാവൽ അവാർഡും ലഭിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ആദരം തപാൽ വകുപ്പും നൽകിയത്.
![](https://koyilandydiary.com/wp-content/uploads/2022/01/united-wide-5.jpg)
ഇന്ത്യയിലെ ഫിലാറ്റിക് ബ്യൂറോകളിൽ നിന്നും സർഗാലയയിൽ നിന്നും 20 രൂപയ്ക്ക് കവർ ലഭിക്കും. മികച്ച ഫിലാറ്റിക് മൂല്യമുള്ളതാണ് സർഗാലയ കവർ. ചടങ്ങ് കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാ ദേവി സ്പെഷ്യൽ കവർ പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സി.പി. ഫാത്തിമ അധ്യക്ഷയായി. യു.എൽ.സി.സി.എസ്. ചെയർമാൻ പാലേരി രമേശൻ, എം.ഡി.എസ്. ഷാജു, കൗൺസിലർ പി. മുഹമ്മദ് അഷറഫ്, വടകര പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് സി.കെ. മോഹനൻ, സർഗാലയ സി.ഇ.ഒ. പി.പി. ഭാസ്കരൻ, ജനറൽ മാനേജർ ടി.കെ. രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
![](https://koyilandydiary.com/wp-content/uploads/2024/08/AYYAPPAN-AD-WIDE-2-1.jpg)
![](https://koyilandydiary.com/wp-content/uploads/2015/09/jps-ad-tall-2-853x1024.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)