ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചു: ബഹിരാകാശ രംഗത്ത് വന്‍ നേട്ടമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി> ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതോടെ ബഹിരാകാശമേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു
മിഷന് ശക്തി എന്ന് പേരിട്ട പദ്ധതിയിലുടെ ഉപഗ്രഹത്തെ ആക്രമിച്ച് വിഴ്ത്തുന്നതില് ഇന്ത്യ വിജയിച്ചു. മൂന്ന് മിനിട്ടില്‍ ലക്ഷ്യം കാണാന്‍ സാധിച്ചു. ഇന്ത്യ വലിയ ബഹിരാകാശ നേട്ടമാണ് കൈവരിച്ചതെന്നും ഇത് ചരിത്രനേട്ടമാണെന്നും മോഡി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് വിജയം കണ്ടത്. 300കിലോമീറ്റര്‍ ഉയരെയുള്ള ഉപഗ്രഹമാണ് തകര്‍ത്തത്.

അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ചട്ടലംഘനമാണെന്ന് പറയുന്നു. രാജ്യത്തിന് സുപ്രധാന സന്ദേശം നല്‍കാനുണ്ടെന്ന് ട്വിറ്ററില്‍ അറിയിച്ച ശേഷമാണ് മോഡി പ്രഖ്യാപനം നടത്തിയത്.



                        
