ആവേശകരമായ പോരാട്ടത്തില്‍ സാക്ഷി മാലിക്കിലൂടെ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

റിയോ: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ ഗുസ്തി 58 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സാക്ഷി മാലിക്കിലൂടെയാണ് മെഡല്‍ കുറിച്ചത്. സാക്ഷിക്ക് വെങ്കലം ലഭിച്ചു. കിര്‍ഗിസ്ഥാന്റെ അയ്സ്ലു ടിനിബെകോവയെ ആവേശകരമായ പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സാക്ഷിയുടെ നേട്ടം.
യോഗ്യതാ റൌണ്ട് കളിച്ചാണ് സാക്ഷി മുന്നേറിയത്. സ്വീഡന്റെ യൊഹാന മാഴ്സലിനെ ഈ ഹരിയാനക്കാരി യോഗ്യതാ റൌണ്ടില്‍ തോല്‍പ്പിച്ചു (5–4). പ്രീ ക്വാര്‍ട്ടറില്‍ മള്‍ഡോവയുടെ മരിയാന ചെര്ദിവരേയെ നേരിയ വ്യത്യാസത്തില്‍ മറികടന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ റഷ്യയുടെ വലേറിയ കൊബലോവ സൊലബോവയോട് 9–2ന് തോറ്റു.


വലേറിയ ഫൈനലിലെത്തിയതോടെ സാക്ഷിക്ക് റപ്പിഷാജ് റൌണ്ടിലൂടെ മെഡല്‍ പ്രതീക്ഷ തെളിഞ്ഞു. ആദ്യ റൌണ്ടില്‍ മംഗോളിയയുടെ ഒര്കോന് പുരവ്ഡോര്ജിനെ 12–3ന് തകര്‍ത്തു. തുടര്‍ന്ന് വെങ്കല മെഡല്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടി. മെഡല്നിര്ണയ മത്സരത്തില്‍ ടിനിബെകോവയെ തോല്‍പ്പിച്ചു (8–5).

ഇന്ന് ബാഡ്മിന്റണില്‍ ഫൈനല്‍ പ്രതീക്ഷയോടെ പി വി സിന്ധു ഇറങ്ങും. സെമിയില്‍ നൊസോമി ഒകുഹാരയെ സിന്ധു നേരിടും. പുരുഷന്മാരില് കെ ശ്രീകാന്ത് ചൈനയുടെ ലിന് ഡാനോട് തോറ്റ് പുറത്തായി. അത്ലറ്റിക്സില് ഇന്ത്യയുടെ നിരാശ തുടര്‍ന്നു. വനിതകളുടെ 800 മീറ്റില്‍ ടിന്റു ലൂക്ക ഹീറ്റ്സില്‍ ആറാമതായി.

