KOYILANDY DIARY.COM

The Perfect News Portal

ലോക്ക് ഡൗൺ കാലത്തെ പൊതു വിലക്കുകൾ ഗജ പരിപാലനത്തേയും സാരമായി ബാധിച്ചു

കൊയിലാണ്ടി: ലോക്ക് ഡൗൺ കാലത്തെ പൊതു വിലക്കുകൾ ഗജ പരിപാലനത്തേയും സാരമായി ബാധിച്ചു തുടങ്ങി. ആനകൾക്ക് നൽകി വരുന്ന മുഖ്യ ഭക്ഷണമായ പനമ്പട്ടകളുടെ ദൗർലഭ്യമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി  പൊതുഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ലഭ്യമായ കേന്ദ്രങ്ങളിൽ നിന്ന് പനമ്പട്ട എത്തിക്കാനാവാത്തതാണ് ആനപ്രേമികളായ സംരക്ഷകർക്ക് വിനയായത്. 

ഉത്സവാഘോഷങ്ങൾക്ക് കടിഞ്ഞാൺ വീണതോടെ മേഖലയിലെ മിക്ക ഗജവീരന്മാരും ആഴ്ചകളായി വിശ്രമത്തിലാണിപ്പോൾ. ഉത്സവ വേളകളിൽ സുലഭമായിരുന്ന പനമ്പട്ട തങ്ങളുടെ ”മെനു” വിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായത് ഗജകേസരികളെ അലോസരപ്പെടുത്തുന്നതായും പരിപാലകർ ചൂണ്ടിക്കാട്ടുന്നു. പനമ്പട്ടയുടെ ക്ഷാമം നാട്ടിൻ പുറങ്ങളിലെ ചക്ക, നാടൻ പഴവർഗ്ഗങ്ങൾ എന്നിവയിലൂടെ പരിഹരിക്കാനാണ് പരിപാലകരുടെ ശ്രമം.

മലബാറിന്റെ ഗജറാണിയായ കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ  കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് വേണ്ടി കഴിഞ്ഞ ദിവസം മനയടത്ത് പറമ്പിലെ ആനപ്രേമികളായ യുവാക്കളുടെ കൂട്ടായ്മ ഒരു ലോഡ് വരുന്ന ചക്കയും വാഴത്തണ്ടയും പഴങ്ങളുമാണ് എത്തിച്ചത്. പനമ്പട്ട ഏറെ ഇഷ്ടമുള്ള സൗമ്യവതിയായ ഈ സഹ്യപുത്രി മാറിയ ഭക്ഷണ രീതിയോട് പൊരുത്തപ്പെടുമെന്നാണ് സംരക്ഷകനായ കളിപ്പുരയിൽ രവീന്ദ്രന്റെ പൂർണ്ണ വിശ്വാസം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *