അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചു
പയ്യോളി: അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചു. മേലടി എ.ഇ.ഒ. ഓഫീസിനു മുന്നിൽ കെ.എസ്.ടി.എ. മേലടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചത്. അധ്യാപകർക്ക് അർഹമായ നിയമനാംഗീകാരം നൽകുക, വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യം നൽകുക, ഫയലുകളിൽ തീർപ്പുകല്പിക്കുന്നതിലെ കാല താമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും. സമരം കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യുട്ടീവംഗം വി.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.എം. രാജൻ, വി. ഹമീദ്, വി.പി. സദാനന്ദൻ, വി. അനുരാജ്, സബ് ജില്ലാ സെക്രട്ടറി കെ.കെ. മനോജ്കുമാർ, ടി.എം. അഫ്സ എന്നിവർ സംസാരിച്ചു.

