അക്ഷര വായനശാലക്ക് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മയുടെ കരുതൽ

കുവൈറ്റ് സിറ്റി : കൊയിലാണ്ടി-എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന കൂട്ടായ്മയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി അക്ഷര വായനശാല നടേരിക്ക് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ 100 പുസ്തകങ്ങൾ നൽകി. കുവൈറ്റ് പ്രവാസിയും എഴുത്തുകാരനുമായ നജീബ് മൂടാടി സിനിമ ഗാനരചയിതാവ് നിതീഷ് നടേരിക്ക് പുസ്തകം കൈമാറികൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു. അക്ഷര വായനശാലയിൽ വെച്ച് നടന്ന പരിപാടിയിൽ വിജിലേഷ് അധ്യക്ഷത വഹിച്ചു.

യുവ എഴുത്തുകാരനും ഡി.സി ബുക്ക്സ് അവാർഡ് ജേതാവുമായ റിഹാൻ റാഷിദ് തന്റെ പുതിയ പുസ്‌തകമായ ഡോൾസ് പരിപാടിയിൽ വെച്ച് നജ്മു നടേരിക്ക് കൈമാറി. വിരൽ തുമ്പിൽ വിസ്മയം തീർക്കുന്ന ഈ ഐ.ടി യുഗത്തിലും നമ്മുടെ ഗ്രാമങ്ങളിൽ വായനശാലകൾക്ക് പ്രാധാന്യം നൽകുന്നവർ ഉണ്ട് എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും, ജാതി, മത, വർഗ, വര്‍ണ്ണ, ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു പൊതു മതേതര ഇടമാണ് വായനശാലകളെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂർ അഭിപ്രായപ്പെട്ടു. ഇല്യാസ് ബഹസ്സൻ, സുശാന്ത്, ജഗത് ജ്യോതി, ജിനീഷ് നാരായണൻ, ഷമീം മണ്ടോളി, നജീബ് മണമൽ, എന്നിവർ സംസാരിച്ചു. ഷംസു ആണ്ടാറത്ത് സ്വാഗതും റിഷാൽ നന്ദിയും പറഞ്ഞു.


