KOYILANDY DIARY

The Perfect News Portal

ഒന്നര വര്‍ഷം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയും കാമുകനും വടകര സ്‌റ്റേഷനില്‍ ഹാജരായി

കൊയിലാണ്ടി: ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് വടകരയില്‍ നിന്നു കാണാതായ ഭര്‍തൃമതിയായ യുവതിയും കാമുകനും തങ്ങിയത് കോയമ്പത്തൂരില്‍. പോലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും വടകര സ്‌റ്റേഷനില്‍ ഹാജരായി. കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി.ടി. ബാലകൃഷ്ണന്റെ മകള്‍ ഷൈബയും (37) മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപുമാണ് (45) വടകര പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.
2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്.

അന്നു കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്.

അതിനു ശേഷം ഇവരെ പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. തൊട്ട് പിറ്റേന്ന് സഹോദരന്‍ ഷിബിന്‍ ലാല്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ ലാല്‍ സൂചിപ്പിച്ചിരുന്നു. അന്ന് വിദേശത്തുള്ള സന്ദീപിന്റെ കൂടെയാണോ ഇവര്‍ പോയതെന്ന് സംശയമുള്ളതായും പരാതിയില്‍ പറഞ്ഞിരുന്നു.

Advertisements

ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷൈബയെ കാണാതായ അതേ ദിവസം സന്ദീപ് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയതായി മനസിലായി. സംഭവത്തിനുശേഷം യുവാവ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഇതിനിടെ ഷൈബയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസിനു തുടര്‍ച്ചയായി ഇക്കഴിഞ്ഞ ജൂലൈയില്‍ റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസിന് അന്വേഷണ ചുമതല നൽകി. തുടർന്ന് പ്രത്യേക ക്രൈം സ്ക്വാഡ് സംഘം രൂപീകരിച്ചു.. വടകര സിഐ ഹരീഷ്, എസ്‌ഐ ഷറഫുദീന്‍, ക്രൈബ്രാഞ്ച് എസ്‌ഐ പവിത്രന്‍, എഎസ്‌ഐ എം.പി..ശ്യാം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനു, ഷിജേഷ് എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്.

എയർപോർട്ടുകൾ ,കരിങ്കൽ ക്വാറികൾ,കേന്ദ്രീകരിച്ചും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത് ഇരുകൂട്ടരുടെ നിരവധിബന്ധുക്കളേയും സുഹൃത്തുക്കളെയും പോലീസ് ഒട്ടേറെ തവണ ചോദ്യം ചെയ്തിരുന്നു. ഹേബിയസ് കോർപ്പസ് ഹരജി നൽകിയതിനാൽ അന്വേഷണ പുരോഗതി ആർ.ഹരിദാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.. പോലീസ് അന്വേഷണം ശക്തമായതോടെ വ്യാഴാഴ്ച രാവിലെ ഇരുവരും വടകര സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. കേസ് സംബന്ധിച്ച നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *