KOYILANDY DIARY

The Perfect News Portal

എസ്​.പി. ബാലസുബ്രഹ്​മണ്യം അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതത്തിൻ്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളില്‍ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ബാക്കിയാക്കി എസ്പിബി വിടവാങ്ങി. കോവിഡ് ബാധിച്ച്‌ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറില്‍ ചികില്‍സയിലായിരുന്ന എസ് പി ബാലസുബ്രഹ്മണ്യം ഇന്ന് ഉച്ചയോടെയാണ് അന്ത്യശ്വാസം വലിച്ചത്. 74 വയസായിരുന്നു.

ആഗസ്ത് അഞ്ചിനാണ് കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച്‌ ഗായകന്‍ തന്നെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് 14ന് വെന്റിലേറ്ററിലേക്ക് മാറ്റി.

അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയില്‍ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങള്‍ പാടിയ എസ്പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതില്‍ പ്രധാനം.

ആന്ധ്രയിലെ നെല്ലൂരില്‍ ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂണ്‍ നാലിന് ജനനം. എന്‍ജിനീയറാകാന്‍ ആഗ്രഹിച്ച എസ് പി ബി യാദൃഛികമായാണ് സംഗീത ലോകത്തെത്തിയത്. എന്‍ഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് പാട്ടു മത്സരത്തില്‍ എസ് ജാനകിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവരുടെ പ്രചോദനമാണ് സിനിമയിലേക്ക് വഴി തുറന്നത്.

1966 ഡിസംബര്‍ 15 നാണ് പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ‘ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ തെലുങ്കു സിനിമയില്‍ ഹരിഹരനാരായണോ, ഏമിയേ വിന്ത മോഹം എന്നീ ഗാനങ്ങള്‍ പാടി.‘ കടല്‍പ്പാലം’ എന്ന സിനിമയില്‍ വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കിയ‘ഈ കടലും മറുകടലും’ എന്ന പാട്ടിലുടെ മലയാളത്തില്‍ അരങ്ങേറി.

ഗായകനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ചത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ. ആറു തവണ ദേശീയ പുരസ്കാരം തേടിയെത്തി. രാജ്യം 2011ല്‍ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളിള്‍ വേഷമിട്ടു.നൂറിലേറെ സിനിമകള്‍ക്ക് ഡബ്ബ് ചെയ്തു. 46 സിനിമകള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചു.

Advertisements

ഭാര്യ: സാവിത്രി. മക്കള്‍: പല്ലവി, എസ് പി ബി ചരണ്‍(ഗായകന്‍). ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *