KOYILANDY DIARY

The Perfect News Portal

ഈ വർഷവും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷവും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇത്തവണയും പ്രളയമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച ഭൗമമന്ത്രാലയം സര്‍ക്കാരിനോട് പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവനാണ് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എത്തിയിട്ടുള്ളത്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ച്‌ വരികയാണെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷത്തിന് പുറമേ വരും വര്‍ഷങ്ങളിലും പ്രളയ സാധ്യത നിലനില്‍ക്കുന്നുണ്ട്. .

ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ശക്തമായ മഴ ലഭിക്കും. അതോടൊപ്പം കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ലഭിയ്ക്കാനും സാധ്യതയുണ്ട്. അതേ സമയം സാഹചര്യത്തിന് അനുസരിച്ച്‌ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ഡാമുകള്‍ തുറക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisements

ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി നേരത്തെ മുഖ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം വെള്ളപ്പൊക്കം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ടി ഇതിനകം തന്നെ 27,000ത ലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധയുടെ സാഹചര്യത്തില്‍ രോഗബാധയുള്ളവരെയും നിരീക്ഷണത്തില്‍ കഴിയുന്നവരെയും രോഗമില്ലാത്തവരെയും വെവ്വേറെ താമസിപ്പിക്കുന്നതിനായി നാല് തരത്തിലുള്ള കെട്ടിടങ്ങളാണ് ആവശ്യമായി വരിക. നിലവില്‍ ഇടുക്കി അണക്കെട്ട് ഉള്‍പ്പെടെയുള്ളവ തുറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *