KOYILANDY DIARY

The Perfect News Portal

കോയമ്പത്തൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് അപടകത്തില്‍പ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.

അപകടത്തില്‍ മരിച്ച 11 പേരെ തിരിച്ചറിഞ്ഞു. രാഗേഷ് (35), പാലക്കാട്, ജിസ്മോന്‍ ഷാജു (24), തുറവൂര്‍, നസീഫ് മുഹമ്മദ് അലി(24) , തൃശ്ശൂര്‍, ബൈജു (47), അറക്കുന്നം, ഐശ്വര്യ (28), ഇഗ്നി റാഫേല്‍ (39), തൃശ്ശൂര്‍, കിരണ്‍ കുമാര്‍ (33), ഹനീഷ് (25), തൃശ്ശൂര്‍, ശിവകുമാര്‍ (35), ഒറ്റപ്പാലം, ഗിരീഷ് (29), എറണാകുളം, റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് അപകടം. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്.

Advertisements

ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്‌ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്‌തിരുന്നവരാണ്.

ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്ബത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *