KOYILANDY DIARY

The Perfect News Portal

മോഷണം ആരോപിച്ച് വീട്ടമ്മയെ മണിക്കൂറുകളോളം സൂപ്പര്‍ മാര്‍ക്കറ്റില്‍ തടഞ്ഞുവെച്ചു

നാദാപുരം: മോഷണം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം ജീവനക്കാർ തടഞ്ഞുവെച്ചു. സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരെ  പൊലീസ് അറസ്റ്റ് ചെയ്തു. പുളിയാവ് സ്വദേശി പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (54), പുറമേരി മുതുവടത്തൂര്‍ സ്വദേശി ആയനി താഴെകുനി സമദ് (25) എന്നിവരെയാണ് ഐപിസി 342, 330, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. 

ബുധനാഴ്‌ച രാവിലെ  റൂബിയാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് പാത്രപ്പുരയിലാണ് സംഭവം. തൂണേരി സ്വദേശിയായ യുവതിയെ ആണ് ബില്ലില്‍ ചേര്‍ക്കാത്ത സാധനങ്ങള്‍ എടുത്തെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ തടഞ്ഞുവച്ചത്. 36 വയസ്സുള്ള വീട്ടമ്മയെ രാവിലെ മുതല്‍ മൂന്ന് വരെയാണ് ഭക്ഷണവും വെള്ളവും നല്‍കാതെ തടഞ്ഞുവച്ചത്‌. മോഷണക്കുറ്റം ചുമത്തി ജയിലില്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പൊലീസില്‍ പരാതിനല്‍കി. 
പൊലീസ് യുവതിയെ സ്‌റ്റേഷനിലെത്തിച്ച്‌ മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍  വീട്ടമ്മ സ്‌റ്റേഷനില്‍ തളര്‍ന്നുവീണു.  ഇവരെ  നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍  നാട്ടുകാരെത്തി സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ചു. നാദാപുരത്തും കല്ലാച്ചിയിലും ജനങ്ങൾ സംഘടിച്ചെത്തിയതോടെ  നാദാപുരം സിഐ എന്‍ സുനില്‍കുമാര്‍,  എസ്ഐ എന്‍ പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതി  നിയന്ത്രിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി  പി പി ചാത്തു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സി എച്ച്  ബാലകൃഷ്ണൻ എന്നിവർ വീട്ടമ്മയെ ആശുപത്രിയിൽ സന്ദർശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *