KOYILANDY DIARY

The Perfect News Portal

മിന്നല്‍വേഗത്തിലുള്ള ഇന്റര്‍നെറ്റിന് ലൈഫൈ

ഇന്റര്‍നെറ്റിന് സ്പീഡില്ലെന്ന് പറഞ്ഞ് ഇനി വിഷമിക്കേണ്ട. വൈഫൈയേക്കാള്‍ നൂറിരട്ടി വേഗമുള്ള ഡാറ്റാ ട്രാന്‍സ്ഫറിങ് രീതി പ്രയോഗത്തിലാക്കിയിരിക്കുകയാണ് ഒരു എസ്‌റ്റോണിയന്‍ സ്റ്റാര്‍ട്ട് അപ്്. സ്വിച്ചിട്ടാല്‍ കത്തുന്ന ലൈറ്റിനേക്കാള്‍ വേഗത്തിലുള്ള ഇന്റര്‍നെറ്റ് എന്ന സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗത്തിലാണ് ലൈഫൈ എന്നു പേരിട്ടിരിക്കുന്ന പുതിയ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നത്. എസ്‌റ്റോണിയന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ വെല്‍മെന്നി സ്വന്തം ഓഫീസില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചുകഴിഞ്ഞു ഈ പുതിയ സംവിധാനം. 400 മുതല്‍ 800 ടെറാഹെഡ്‌സ് വരെയുള്ള എല്‍ഇഡി ലൈറ്റ് ഫീല്‍ഡിലാണ് ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ജിബി വരെ വേഗത്തില്‍ ഇതിലൂടെ ഡാറ്റ കൈമാറാനാവും. വിസിബിള്‍ ലൈറ്റ് കമ്യൂണിക്കേഷന്‍ എന്നു പേരിട്ടിരിക്കുന്ന സാങ്കേതിക വിദ്യയാണ് ലൈഫൈയില്‍ ഉപയോഗിക്കുന്നത്. വെല്‍മെന്നി ഓഫീസിലും ടാലിനിലെ വ്യവസായ മേഖലകളിലും പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ രീതി വിജയകരമായി നടപ്പാക്കിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. വിപുലമായ രീതിയില്‍ നടപ്പാക്കാനായാല്‍ ഡാറ്റാ ട്രാന്‍സ്ഫറിങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ വിഎല്‍സിക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.