KOYILANDY DIARY

The Perfect News Portal

താഴികക്കുടങ്ങളുള്ള അപൂര്‍വ ക്ഷേത്രം!

കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ മടിക്കേരി ടൗണില്‍ സ്ഥിതി ചെയ്യുന്ന ഒരു ശിവ ക്ഷേത്രമാണ് ഓംകാരേശ്വര ക്ഷേത്രം. ഗോഥിക്, ഇസ്ലാമിക് ശൈലികള്‍ സമന്വയിപ്പിച്ച്‌ നിര്‍മ്മിച്ച ഇന്ത്യയിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഈ അപൂര്‍വ രൂപ ഭംഗി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്.

ചരിത്രത്തിലേക്ക്

1820ല്‍ ലിംഗരാജേന്ദ്ര രണ്ടാമന്റെ ഭരണകാലത്താണ് ഈ അപൂര്‍വ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ രാജാവിന് പ്രേരണ ഉണ്ടായതിന് പിന്നില്‍ ഒരു കഥയുണ്ട്. ലിംഗ രാജേന്ദ്ര രാജവ് നിരപരാധിയായ ബ്രാഹ്മണനെ തന്റെ സ്വാര്‍ത്ഥയുടെ പേരില്‍ വധിച്ചുവത്രേ.

Advertisements
ഈ ബ്രഹ്മാവിന്റെ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറി, രക്ഷസ്സിന്റെ ശാപമേല്‍ക്കാതിരിക്കാന്‍ എന്തും ചെയ്യാമെന്ന് പറഞ്ഞ രാജാവിനോട് രക്ഷസ് ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. അപ്രകാരം പണിതതാണ് ക്ഷേത്രമെന്നാണ് വിശ്വാസം.

കാശിയില്‍ നിന്ന് കൊണ്ടുവന്ന ശിവ ലിംഗം

ബ്രഹ്മ രക്ഷസിന്റെ നിര്‍ദ്ദേശ പ്രകാരം കാശിയില്‍ നിന്ന് കൊണ്ടുവന്ന ശിവ ലിംഗമാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്താണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന് നടുക്കായി നിര്‍മ്മിച്ച മണ്ഡപത്തിലേക്ക് ഒരു നടപ്പാതയും ഉണ്ട്.

മുസ്ലീം ദര്‍ഗ പോലെ

മുസ്ലീം വാസ്തുവിദ്യാശൈലിയുടെ സ്പര്‍ശമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓംകാരേശ്വര ക്ഷേത്രം. ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ കാലത്താണ് ഇവിടെ ഇസ്ലാം സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടായത്. ഒറ്റ നോട്ടത്തില്‍ ക്ഷേത്രം ഒരു മുസ്ലീം ദര്‍ഗ പോലെ തോന്നിക്കും. മുസ്ലീം പള്ളികളിലേത് പോലുള്ള താഴികക്കുടം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിന് ഒരു പ്രധാന താഴികക്കുടവും ചുറ്റുമായി നാല് ഗോപുരങ്ങളുമുണ്ട്, ഇവയ്ക്ക് മുകളിലും ചെറിയ താഴികക്കുടങ്ങളുണ്ട്.

എത്തിച്ചേരാന്‍

മൈസൂരിനേയും മംഗലാപുരത്തിനേയും തമ്മില്‍ ബന്ധപ്പെടുത്തുന്ന സംസ്ഥാന പാത 88 ന് സമീപത്തായാണ് മടിക്കേരി സ്ഥിതി ചെയ്യുന്നത്. മൈസൂരില്‍ നിന്നും വിരാജ് പേട്ടില്‍ നിന്നും മടിക്കേരിയിലേക്ക് ബസുകള്‍ ലഭിക്കും. കേരളത്തില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് തലശ്ശേരി – ഇരിട്ടി – കൂട്ടുപുഴ – വീരാജ്പേട്ട് വഴി മടിക്കേരിയില്‍ എത്തിച്ചേരാം.

സന്ദര്‍ശന വിവരങ്ങള്‍

  • സന്ദര്‍ശന സമയം: രാവിലെ ആറര മുതല്‍ 12 മണി വരെ, വൈകുന്നേരം 5 മണി മുതല്‍ 8 മണിവരെ.
  • പോകാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

Leave a Reply

Your email address will not be published. Required fields are marked *